ശമ്പളച്ചെലവിന് പുറമെ പെൻഷൻ; താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വമ്പൻ ശമ്പളച്ചെലവിന് പുറമെ ഭീമമായ പെൻഷൻ ബാദ്ധ്യത കൂടി പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനുവരി 4ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും. ഏപ്രിലിൽ ഇൗ ബാദ്ധ്യത കൂടി ചേർത്ത് വീണ്ടുമൊരു നിരക്ക് വർദ്ധന ഏർപ്പെടുത്തും. കഴിഞ്ഞ നവംബറിലും വർദ്ധന വരുത്തിയിരുന്നു.

പെൻഷൻ ചെലവിന് പുറമെ അടുത്ത വർഷം ശമ്പള വർദ്ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 480 കോടിയുടെ ബാദ്ധ്യതയും താരിഫിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013ൽ പെൻഷൻ ബാദ്ധ്യത നിറവേറ്റാൻ മാസ്റ്റർ ട്രസ്റ്റ് സംവിധാനമുണ്ടാക്കിയിരുന്നു. ഇതുപ്രകാരം 8144 കോടിയുടെ ബോണ്ട് കെ.എസ്.ഇ.ബിയും 3751കോടിയുടേത് സർക്കാരുമിറക്കി. കെ.എസ്.ഇ.ബി 10% പലിശയും സർക്കാർ 9% പലിശയും ഇതിന് നൽകാനും തീരുമാനിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ പലിശച്ചെലവ് അവരുടെ പൊതുചെലവിൽപ്പെടുത്തി അത് പൊതുജനങ്ങളിൽ നിന്ന് ഇൗടാക്കാനും ധാരണയായിരുന്നു.

എന്നാൽ കെ.എസ്.ഇ.ബി നഷ്ടത്തിലായതോടെ 2021 മുതൽ പലിശ മാത്രമല്ല പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന വിഹിതത്തിന് പുറമെവരുന്ന ചെലവും പൊതുജനങ്ങളിൽ നിന്ന് താരിഫായി ഇൗടാക്കാൻ തീരുമാനിച്ചു. ഇതിനെ ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ കോടതി അത് തടഞ്ഞിരുന്നു.

അതിനിടെ ബോണ്ടിന്റെ 10വർഷത്തെ കാലാവധി തീർന്നതോടെ പെൻഷൻ ബാദ്ധ്യതയിൽ നിന്ന് സർക്കാർ പൂർണ്ണമായി പിൻവാങ്ങി. ഇതോടെ അതു മുഴുവൻ കെ.എസ്.ഇ.ബി വഹിക്കേണ്ട സ്ഥിതിയായി. ഇത് മറികടക്കാനാണ് പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News