July 8, 2025 11:50 am

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

സതീഷ് കുമാർ വിശാഖപട്ടണം

ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ. –“പ്രണയം “.

സ്ത്രീ പുരുഷ ഭേദമില്ലാതെ മനുഷ്യമനസ്സിനെ യുഗയുഗാന്തരങ്ങളായി സ്വാധീനിക്കുന്ന, ആനന്ദ സാഗരത്തിലാറാടിക്കുന്ന , കാമസുഗന്ധിയായ അനുഭൂതിയാണ് പ്രണയം .

“ഇതിഹാസങ്ങൾ
ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും
ഒരുമിച്ചു പാടി പ്രേമം ദിവ്യമാമൊരനുഭൂതി…”

 

 

എന്ന് വയലാർ എഴുതിയത് എത്രയോ അർത്ഥവത്താണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ..?

“പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു ….”

എന്നാണ് മറ്റൊരു കവി(യൂസഫലി കേച്ചേരി ) പ്രണയത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.

“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ
മെയ്യിൽ പാതി പകുത്തു തരൂ മനസ്സിൽ പാതി പകുത്തു തരൂ മാൻകിടാവേ …..”

എന്ന ഗാനത്തിലെ ഓരോ വരിയിലും ത്രസിച്ചു നിൽക്കുന്ന ആസക്തി എന്നും പുരുഷ ചേതനകളെ തൊട്ടുണർത്താൻ പ്രാപ്തമായിരുന്നു .

“പ്രേമിച്ചു പ്രേമിച്ചു നിന്നെ
ഞാനൊരു ദേവസ്ത്രീയാക്കും”

എന്ന് കവികളൊക്കെ എഴുതുമ്പോൾ പ്രണയം പെണ്ണിനെ ദേവസ്ത്രീവരെയാക്കുന്നുണ്ടെന്നല്ലേ അനുശാസിക്കുന്നത് .പ്രണയ ഗാനങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര ഗാനാരാമത്തിൽ വസന്തങ്ങൾ തീർത്ത പ്രിയകവി വയലാർ രാമവർമ്മ മരിക്കുന്നതിനു ഏതാനും മാസങ്ങൾക്ക് മുമ്പ് ഭാവോജ്ജ്വലമായ ഒരു പ്രണയ ഗാനം എഴുതിയിരുന്നു.

“കൊട്ടാരം വിൽക്കാനുണ്ട് ” എന്ന ചിത്രത്തിലെ ആ കാവ്യസുരഭിലമായ വരികൾ ഒന്നു കേട്ടു നോക്കൂ …

Chandra Kalabham Chaarthiyurangum Theeram | ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം | Yesudas

 

“ചന്ദ്രകളഭം
ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ
പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു
ജന്മം കൂടി …”

 

ഹോ…..എത്ര സുന്ദരമായ കൽപ്പനകൾ..?

സന്ധ്യകളും പുഷ്പങ്ങളും മാനസസരസ്സുകളും സ്വർണ്ണമരാളങ്ങളുമുള്ള ഈ ഭൂമി എത്രയോ സുന്ദരമാണെന്ന് കവി വാക്കുകളിലൂടെ വരച്ചിടുന്നു . ഇവിടെ എത്ര ജീവിച്ചിട്ടും മതിവരുന്നില്ലല്ലോ എന്നും ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോയെന്നും ആരായുകയാണ് കവി. ഗാനം മുന്നോട്ടു പോകുമ്പോൾ പ്രിയകവി വ്യക്തമായി ചോദിക്കുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട് .

“മതിയാകും വരെ
ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ..!

മോഹാർദ്രമായ ഈ ചോദ്യം കവി മനസ്സിന്റെ കണ്ണാടിയാണ്. ചോദ്യം നൂറു ശതമാനവും ശരിയല്ലേ … ? മതിയാകും വരെ പ്രണയിച്ചു മരിച്ചവർ ഇവിടെ ആരും തന്നെയില്ല .പ്രണയ മനസ്സുകളുടെ മധുരനൊമ്പര സ്മരണകൾ ഉണർത്തുന്ന ഈ ഗാനത്തിന് സംഗീതം നൽകിയത് ജി ദേവരാജൻ മാസ്റ്ററും ആലപിച്ചത് യേശുദാസും മാധുരിയുമാണ്. മനോഹരമായ മറ്റു രണ്ടു ഗാനങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു

“സുകുമാരകലകൾ സ്വർണ്ണം പൊതിയും …” (യേശുദാസ് )

“തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ…”

ജയചന്ദ്രനും മാധുരിയും പാടിയ യുഗ്മഗാനങ്ങളിൽ ഏറ്റവും മനോഹരമായതും ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളിൽ സംഗീതസംവിധായകനായ ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായിരുന്നു പ്രണയാതുരമായ ഈ ഗാനം. കൂടാതെ

“ജന്മദിനം ജന്മദിനം … “
( അയിരൂർ സദാശിവൻ ,മാധുരി )

“ഭഗവാൻ ഭഗവാൻ …. “
(അയിരൂർ സദാശിവൻ , ശ്രീകാന്ത് )

“വിസ്കി കുടിക്കാൻ വെള്ളിക്കിണ്ടി … “
(ജയചന്ദ്രനും സംഘവും )

എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .

 

Kottaram Vilakkanundu (1975) - IMDb

സുവർണ്ണയുടെ ബാനറിൽ കെ കെ സുകു രചനയും സംവിധാനവും നിർവഹിച്ച “കൊട്ടാരം വിൽക്കാനുണ്ട് ” എന്ന ചിത്രത്തിൽ പ്രേംനസീർ , ജയഭാരതി , തിക്കുറിശ്ശി, കെ പി ഉമ്മർ ,അടൂർ ഭാസി തുടങ്ങിയ താരങ്ങളെല്ലാം അണിനിരന്നെങ്കിലും കാലത്തിന് മുൻപേയിറങ്ങിയ ഈ ഹൊറർ ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.

സിനിമയുടെ പ്രിന്റും ഇപ്പോൾ ലഭ്യമല്ലെന്ന് തോന്നുന്നു. എങ്കിലും വയലാറിൻ്റെ ഏറ്റവും മനോഹരമായ ഗാനമടങ്ങിയ ചിത്രം എന്ന നിലയിൽ “കൊട്ടാരം വിൽക്കാനുണ്ട് ” ഇന്നും ഓർമ്മിക്കപ്പെടുന്നു .

1975 മെയ് 23-ന് വെള്ളിത്തിരകളിലെത്തിയ ഈ ചലച്ചിത്രത്തിൻ്റെ സുവർണ്ണ ജൂബിലിയിലാണിന്ന് .

പ്രിയ കവിയുടെ ആഗ്രഹം പോലെ തന്നെ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഇപ്പോഴത്തെ ചലച്ചിത്രഗാനങ്ങൾ കേൾക്കുമ്പോൾ ഒരേ മനസ്സോടെ ആഗ്രഹിക്കുന്നുണ്ടാകും , നമ്മുടെയെല്ലാം പ്രിയപ്പെട്ട വയലാറിന് ഈ ഭൂമിയിൽ
ഒരു ജന്മം കൂടി കൊടുത്തിരുന്നുവെങ്കിൽ ….

 

ചന്ദ്രകളഭം ചാര്‍ത്തിയ കൊട്ടാരം വില്‍ക്കാനുണ്ട്-@49. - Kannur Online News

 

—————————————————————
(സതീഷ് കുമാർ : 9030758774)
————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News