തിരുവനന്തപുരം : നിന്നിഷ്ടം എന്നിഷ്ടം എന്ന മലയാള ചിത്രത്തിൽ മോഹൻ ലാലിൻ്റെ നായികയായിരുന്ന പ്രിയയ്ക് പിന്നിടെന്തുപററി ? പ്രിയദർശൻ തിരക്കഥ എഴുതിയ ആ ചിത്രത്തിൻ്റെ സംവിധായകൻ ആലപ്പി അഷറഫ് ആ കഥ യൂട്യൂബ് ചാനലിലൂടെ വിശദീകരിക്കുന്നു
ആലപ്പി അഷ്റഫിൻ്റെ വാക്കുകൾ.
“പലരുടെയും ജീവിതം നാം വിചാരിക്കുന്ന പോലെ അത്ര സന്തോഷമുള്ളതല്ല. ആ ചിരിയുടെ പിന്നിൽ ആരോടും പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങൾ ഉണ്ടാകാം. ശൂന്യതയിൽ നിന്നും നിറവിലേക്കുള്ള യാത്രയാണ് ഓരോ വളർച്ചയും. ആ വളർച്ചയുടെ വഴികൾ കാണാത്ത വളർച്ചയുടെ വഴികളിലൂടെ സഞ്ചരിക്കാത്ത ഒരാളും വളരുകയില്ല. എന്റെ ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തെ കുറിച്ചും അതിലെ നായിക കടന്നുപോയ വഴികളെ കുറിച്ചും ആകാം ഈ എപ്പിസോഡ്.
മോഹൻലാലിനെ വച്ച് ഒരു പടമെടുക്കാനുള്ള എന്റെ ആഗ്രഹം സുഹൃത്തായ പ്രിയദർശനോട് പറയുമ്പോൾ പ്രിയൻ പറയുന്നു മോഹൻലാലിന്റെ ഡേറ്റ് ഒക്കെ നമുക്ക് വാങ്ങാം, അതിനുമുമ്പ് എനിക്ക് കുറച്ചു പണത്തിന്റെ ആവശ്യമുണ്ട്. എനിക്കൊരു അഡ്വാൻസ് തരണമെന്ന്. ഞാൻ അതിന്റെ നിർമാതാവായ ആലപ്പുഴയിലുള്ള എന്റെ സുഹൃത്ത് രമേശിനെ വിളിച്ച് പ്രിയദർശന് പണം കൊടുക്കാനുള്ള ഏർപ്പാട് ഉണ്ടാക്കുന്നു. അതോടെ കഥ റെഡിയാക്കാമെന്ന് പ്രിയദർശൻ ഏൽക്കുകയും ചെയ്തു.
ഒരു ദിവസം മദ്രാസിലെ വിജയ ഗാർഡനിൽ രാത്രി മോഹൻലാലിന്റെ ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞ് ഞാനും പ്രിയദർശനും കൂടി അവിടെ എത്തുന്നു. അവിടെ നൈറ്റ് സീക്വൻസിൽ ലാലിന്റെ ഒരു ഫൈറ്റ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ട ലാൽ ഞങ്ങൾക്ക് ഇരിക്കാനായി മൂന്ന് കസേരകൾ കുറച്ച് അകലെ മാറി സെറ്റ് ചെയ്യാനായി നിർദ്ദേശം കൊടുത്തു. അങ്ങനെ ഞങ്ങൾ മൂന്നു പേരും ഇരുന്ന് തുടങ്ങാൻ പോകുന്ന പുതിയ പ്രൊജക്ടിനെ കുറിച്ച് ചർച്ച ചെയ്തു.
അപ്പോഴേക്കും ലാൽ പ്രിയനോട് കഥ പറയാൻ ആവശ്യപ്പെട്ടു. പ്രിയൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ആ സമയത്ത് പെട്ടെന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്ന് ‘സാർ ഷോട്ട് റെഡി’ എന്ന് പറഞ്ഞ് ലാലിനെ കൂട്ടിക്കൊണ്ടുപോയി. ലാൽ പോയി കഴിഞ്ഞപ്പോൾ ഞാൻ പ്രിയനോട് ചോദിച്ചു ലാലിനോട് കഥ പറയണ്ടേ, എന്താണ് കഥ? പ്രിയൻ ചിരിച്ചുകൊണ്ട് കൈ മലർത്തി. ഞാൻ ആകെ ധർമ്മസങ്കടത്തിലുമായി.
എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ചിത്രം കടന്നുവന്നു. ഞാൻ മൂന്നു ദിവസം മുമ്പ് കൊല്ലത്ത് ഒരു തിയറ്ററിൽ കണ്ട ചാർലി ചാപ്ലിന്റെ ‘സിറ്റി ലൈറ്റ്സ്’ എന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിലെ ഹൃദയസ്പർശിയായ രംഗങ്ങൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് ഞാൻ പ്രിയദർശനോട് പറയുന്നു. പ്രിയൻ ആ ചിത്രം കണ്ടിരുന്നു എങ്കിലും കഥ ശരിക്ക് അദ്ദേഹത്തിന് ഓർമയില്ല. അപ്പോഴേക്കും ലാൽ അരികെ എത്തിക്കഴിഞ്ഞു. വന്നപാടെ ലാൽ പറയുന്നു കഥ പറ, കഥ പറ എന്ന്. ഉടൻ പ്രിയദർശനിൽ നിന്നും മറുപടി വന്നു. എടാ അത് ചാർലി ചാപ്ലിന്റെ സിറ്റി ലൈറ്റ്സ് ആണെടാ. അപ്പോൾ തന്നെ ലാൽ അതിലെ അന്ധയായ പൂക്കാരിയുടെ കഥ വിശദമായി ഞങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു. അത് ചെയ്യാമെന്ന് ഏൽക്കുകയും ചെയ്യുന്നു.
അതിനുശേഷം മദ്രാസിലെ രഞ്ജിത്ത് ഹോട്ടലിൽ ഒരു മുറിയെടുത്ത് ഒരു വിസിആറും സിറ്റി ലൈറ്റ്സിന്റെ ഒരു കാസറ്റും വാടകയ്ക്ക് എടുത്ത് പ്രിയന് കാണാനുള്ള സൗകര്യം ഒരുക്കുന്നു. മുറിയിലെ ടിവിയിൽ വിസിആറിന്റെ കണക്ഷൻ കൊടുത്ത് അത് കാണാൻ തുടങ്ങുമ്പോൾ ഫംഗസ് പിടിച്ച കാസറ്റ് ആയതുകൊണ്ട് ചിത്രത്തിന് തെളിച്ചവും ഇല്ലായിരുന്നു അവിടെയും ഇവിടെയും ഒക്കെയേ കാണാനും പറ്റിയുള്ളൂ. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഹോട്ടലിലെ ഒരു ജീവനക്കാരൻ കടന്നു വന്നു പറയുന്നു, ‘ഈ പണി ഇവിടെ നടക്കില്ല.
നിങ്ങൾക്ക് നീലചിത്രം കാണണമെങ്കിൽ വേറെ ഹോട്ടലിൽ പൊയ്ക്കോളൂ’ എന്ന്. ഞങ്ങൾ സത്യാവസ്ഥ പറഞ്ഞിട്ടും അയാൾക്ക് വിശ്വാസം വരുന്നില്ല. അങ്ങനെ ഹോട്ടൽ ഒഴിയേണ്ടിവന്നു. അവിടെനിന്നിറങ്ങിയ പ്രിയദർശൻ എന്നോട് പറയുന്നു, ‘കഥ ഞാൻ ശരിയാക്കികൊള്ളാം. അതെനിക്ക് വിട്ടേര്! ബാക്കി കാര്യങ്ങൾ അഷ്റഫ് റെഡിയാക്കിക്കൊള്ളൂ’ എന്ന്. പാട്ട് കംപോസ് ചെയ്യാനായി മദ്രാസിലെ വുഡ്‌ലാൻഡ്സ് ഹോട്ടലിൽ മങ്കൊമ്പ് ചേട്ടനും കണ്ണൂർ രാജനുമായി ഇരിക്കുമ്പോഴാണ് പ്രിയദർശൻ എന്നോട് പറയുന്നത്, ‘ലാൽ പറഞ്ഞു മാധുരി മാസ്റ്ററുടെ ഡാൻസ് ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുണ്ട്, നായികയാക്കാൻ പറ്റുമോ എന്ന് നോക്കാൻ’.
അങ്ങനെയാണ് പാട്ട് കമ്പോസിങ് നടക്കുന്ന ഇടത്തേക്ക് അവരെ ഞങ്ങൾ വിളിപ്പിക്കുന്നത്. മാധുരി മാസ്റ്ററുടെ ഡാൻസ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആ പെൺകുട്ടിയുടെ പേരാണ് കർപ്പകവല്ലി. അവരെകൊണ്ട് ഒരു ചെറിയ സീൻ അഭിനയിപ്പിക്കുകയും സംസാരിപ്പിക്കുകയും ഒക്കെ ചെയ്തപ്പോൾ വലിയ കുഴപ്പമില്ല എന്ന് തോന്നി. അവരെ ഫിക്സ് ചെയ്ത് ചെറിയൊരു അഡ്വാൻസും കൊടുത്തയയ്ക്കുന്നു. അവർ പോകാൻ നേരത്ത് മങ്കൊമ്പ് അടക്കമുള്ള എല്ലാവരുടെയും കാലുതൊട്ട് വന്ദിച്ചിട്ടാണ് പോയത്. അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ പ്രിയനോട് പറഞ്ഞു, ‘പ്രിയൻ പരിചയപ്പെടുത്തിയ ആളായതുകൊണ്ട് അവരുടെ പേര് മാറ്റി പ്രിയ എന്നാക്കുമെന്ന്’.
അങ്ങനെയാണ് കർപ്പകവല്ലി പ്രിയയായി മാറിയത്. ഞാൻ മൂന്നു പേരുകൾ സിനിമയുടെ ടൈറ്റിലിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു. അതിലൊന്ന് പ്രിയ എന്ന് തുടങ്ങുന്ന ഒരു പേരായിരുന്നു. എന്നാൽ പേരുകളിൽ നിന്നും ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന പേര് തിരഞ്ഞെടുത്തത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചേട്ടൻ ആയിരുന്നു. അന്ധയായ ശാലീന സൗന്ദര്യമുള്ള ശാലിനി എന്ന നായിക കഥാപാത്രത്തെ വളരെ മനോഹരമായി അവർ അതിൽ അവതരിപ്പിച്ചു. ആ ചിത്രത്തിലെ ഒരു ഗാനരംഗം തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിൽ സെറ്റിട്ട് ചിത്രീകരിക്കുകയുണ്ടായി. ‘തുമ്പപ്പൂക്കാറ്റിൽ താനേ ഊഞ്ഞാലാടി’ എന്ന ഗാനം ചിത്രീകരിക്കാൻ മാധുരി മാസ്റ്ററുടെ ഡാൻസ് ഗ്രൂപ്പ് അവിടെ എത്തുകയുണ്ടായി. അവരെല്ലാവരും പ്രിയയോടൊപ്പം പല സിനിമകളിലും ഗ്രൂപ്പ് ഡാൻസുകളിൽ പങ്കെടുത്തവരായിരുന്നു.
അവിടെ അവർ വന്നപ്പോൾ അവരുടെ പഴയ കൂട്ടുകാരി കർപ്പകവല്ലിയെ മോഹൻലാലിന്റെ നായികയായിട്ടാണ് കാണാൻ കഴിഞ്ഞത്. നായികയ്ക്ക് ആ സെറ്റിൽ കിട്ടുന്ന പ്രാധാന്യവും പരിഗണനയും അവർ സന്തോഷപൂർവം നോക്കി നിന്നു. മോഹൻലാലിനോടൊപ്പവും സംവിധായകനോടൊപ്പവും ഒക്കെ ഇരിക്കുന്ന നായികയെ അവർ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ ക്ലൈമാക്സ് സോങ് ആണ് പ്രിയയെ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിലനിർത്തുന്നത്. നിരവധി മില്യൺ ആൾക്കാരാണ് യൂട്യൂബിൽ ആ പാട്ട് കണ്ടിരിക്കുന്നത്. യൂട്യൂബിലെ ടോപ്പ് 10 ഗാനങ്ങളിൽ ഒന്നാണ്, എവർഗ്രീൻ ഗാനവുമാണത്.
മോഹൻലാൽ–യേശുദാസ്–ജാനകി–പ്രിയ എന്നിവരുടെ കോംബോയിൽ പിറന്ന ‘ഇളംമഞ്ഞിൻ കുളിരുമായി ഒരു കുയിൽ’ എന്ന ഗാനം. ഈ പാട്ട് ചിത്രീകരിക്കാൻ അൽപം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അന്നുണ്ടായ മറ്റൊരു കാര്യം എനിക്കിപ്പോൾ ഓർമ്മ വരുന്നു. പണത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ എന്നോടുകൂടി പറയേണ്ടതല്ലേ അണ്ണാ ഞാൻ സഹായിക്കുമായിരുന്നല്ലോ എന്നുള്ള ലാലിന്റെ വാക്കുകൾ. പടത്തിന്റെ ഡബിങ് കഴിഞ്ഞപ്പോൾ ഈ പാട്ടും ഇട്ടു കാണിച്ചു. പണം സെറ്റിൽ ചെയ്തപ്പോൾ ലാൽ ആ തുകയിൽ നിന്നും കുറെ പണമെടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, അണ്ണൻ ഇത് വെച്ചോ എന്ന്. അങ്ങനെ മറ്റുള്ളവരുടെ വിഷമം കാണുന്ന ലാലിനെയും ഞാൻ അന്ന് കണ്ടു. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിന്റെ ഉന്നതവിജയം പ്രിയയ്ക്ക് നല്ലൊരു പേരുണ്ടാക്കി കൊടുത്തു.
തുടർന്ന് നിരവധി ചിത്രങ്ങളിൽ അവർക്ക് അവസരവും ലഭിച്ചു. തമിഴിൽ അവർ അന്നത്തെ സൂപ്പർ നായകൻ കാർത്തികിന്റെ ഹീറോയിൻ വരെയായി. മലയാളത്തിൽ മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെയൊക്കെ അഭിനയിച്ചുവെങ്കിലും ആദ്യ ചിത്രത്തിൽ അവർക്ക് ലഭിച്ച ഉയർച്ചയും പ്രശസ്തിയും നിലനിർത്തികൊണ്ടുപോകുന്നതിൽ അവർക്ക് വലിയ വീഴ്ച സംഭവിച്ചു. അന്നത്തെ കാലത്ത് ഷക്കീല ചിത്രങ്ങൾ പോലെയുള്ള എ ചിത്രങ്ങളിൽ അവർ അഭിനയിച്ചത് അവരുടെ ഇമേജിനെ വല്ലാതെ ബാധിച്ചു. അതൊക്കെ ഒരുപക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ അവരെ ഗൈഡ് ചെയ്യാൻ ആളില്ലാത്തത് കൊണ്ടോ ഒക്കെ ആകാം.
ഇത്തരം എ സർട്ടിഫിക്കറ്റ് ചിത്രങ്ങളിൽ അറിഞ്ഞും അറിയാതെയും അകപ്പെട്ട് കരിയർ നശിപ്പിച്ചവരും എന്നാൽ ചിലരൊക്കെ ബുദ്ധിപൂർവം അതിൽ നിന്ന് പിന്മാറി രക്ഷപ്പെട്ടവരുമുണ്ട്. എന്നാൽ അത്തരം പടങ്ങളിൽ അഭിനയിച്ച ശേഷം അത് ഉപേക്ഷിച്ച് നല്ല പടങ്ങളിൽ അഭിനയിച്ച് പേരെടുത്തപ്പോഴും അതൊരു അവരെ പിന്തുടരുന്നത് നമുക്ക് കാണാവുന്നതാണ്, കേൾക്കാവുന്നതുമാണ്. പ്രിയയുടെ ജീവിതവഴികളിൽ നല്ലതല്ലാത്ത പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം.
അത് അവരുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല. അവരിപ്പോൾ മലയാളത്തിലും തമിഴിലുമുള്ള സീരിയലുകളിൽ അഭിനയിച്ച് ജീവിതം നയിക്കുന്നു. ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ പിഴവ് സംഭവിച്ചാൽ അത് നമ്മുടെ തലവര തന്നെ മാറ്റി എഴുതും. നല്ല കഴിവുറ്റ ഒരു നടിയാണ് പ്രിയ. ഇനി അവർ നല്ല അമ്മ വേഷവും മറ്റും ചെയ്ത് സിനിമയിലേക്ക് മടങ്ങി വരട്ടെ എന്ന് ആശംസിക്കുന്നു.