സിദ്ധാര്‍ഥന്‍റെ മരണം: ആയുധങ്ങള്‍ കണ്ടെത്തി

കല്പററ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പോലീസ് നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെത്തി.

കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പോലീസ് പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തിയത്. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടന്നത്.

ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാർഥൻ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.തെളിവെടുപ്പിനിടെ ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി സിന്‍ജോ കാണിച്ചുകൊടുക്കുകയായിരുന്നു.

രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർഥ്. മരണശേഷം മറ്റൊരു പിജി വിദ്യാർത്ഥിയാണ് മരണ വിവരം തങ്ങളെ അറിയിച്ചതെന്നും കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള സഹകരണം ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ സര്‍വകലാശാല വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

അതേസമയം സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലിൽ എസ് എഫ് ഐ യുടെ ‘അലിഖിത നിയമം’ നിലവിലുണ്ടെന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.

ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർഥനെ വിളിച്ചുവരുത്തി. സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നത്.

ഫെബ്രുവരി 18 നാണ് സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി യുവാവിനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാർഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പോലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News