July 1, 2025 12:45 pm

ഇറാൻ്റെ ആണവശേഷി നശിച്ചിട്ടില്ലെന്ന് ആണവോർജ്ജ ഏജൻസി

വാഷിംഗ്ടൺ: ഇറാന്  ഒരു മാസം കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ ​ഗ്രോസി പറഞ്ഞു.

ഇറാൻ്റെ ആണവനിലയങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾ അഴിച്ച് വിട്ടതിന് പിന്നാലെയാണ് ​​ഗ്രോസിയുടെ പ്രസ്താവന പുറത്ത് വരുന്നത്. ഇറാൻ്റെ ആണവ പദ്ധതികളെ തകർത്തെന്ന് അമേരിക്കയും ഇസ്രയേലും പറഞ്ഞിരുന്നു.

.ഇറാൻ്റെ ആണവായുധത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ദശകങ്ങൾ പിന്നോട്ടടിപ്പിക്കാൻ സാധിച്ചെന്നായിരുന്നു  അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം.

ഇറാൻ്റെ ചില പ്രധാന ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും നിലനിൽക്കുന്നു എന്നായിരുന്നു  ഗ്രോസിയുടെ പ്രതികരണം. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകളുടെ കുറച്ച് കാസ്കേഡുകൾ അവർക്ക് ഉണ്ടാക്കാം. അത് വേണമെങ്കിൽ നേരത്തെയാകാമെന്നും ​ഗ്രോസി പറഞ്ഞു.

ആയുധമുണ്ടാക്കുന്നതിന് തൊട്ടുതാഴെയുള്ള 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഇറാനിയൻ ശേഖരത്തെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു. ഇത് കൂടുതൽ ശുദ്ധീകരിച്ചാൽ സാങ്കേതികമായി ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ ഉത്പാദിപ്പിക്കാൻ ഇറാന് കഴിയുമെന്നും ​ഗ്രോസി കൂട്ടിച്ചേർത്തു.

ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ആക്രമണത്തിന് മുമ്പ് ഈ ശേഖരം മാറ്റിയതാണോ അതേ അതോ ഭാഗികമായി നശിച്ചോയെന്ന് അറിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

മാസങ്ങൾക്കുള്ളിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കുമെന്നും ഇത് തങ്ങൾക്ക് ഭീഷണിയാണെന്നും പറഞ്ഞാണ് ജൂൺ 13ന് ഇസ്രയേൽ, ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.

എന്നാൽ ഇസ്രയേലിൻ്റെ അവകാശവാദം ഇറാൻ അം​ഗീകരിച്ചിരുന്നില്ല. ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും ഭൂ​ഗർഭ ആണവകേന്ദ്രമായ ഫോർദോയിലെ ആണവകേന്ദ്രത്തിന് നാശം വരുത്താൻ സാധിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് ഫോർദോ അടക്കം  മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക്   തകർത്തത്. ബങ്കർ ബ്ലസ്റ്റർ ബോംബുകളിലൂടെ മൂന്ന് കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അറിയിച്ചിരുന്നു.

ആക്രമണങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ റദ്ദാക്കിയിരുന്നു.

ഫോർദോ ആണവനിലയത്തിൽ അടക്കം ഇറാൻ്റെ ആണവനിലയങ്ങൾ സന്ദർശിക്കണമെന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറലിൻ്റെ ആവശ്യവും ഇറാൻ നിരാകരിച്ചിരുന്നു. എന്താണുള്ളത്, എവിടെയാണ്, എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിക്കാൻ നമുക്ക് കഴിയണമെന്ന് ഗ്രോസി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News