പാക്ക് പുറത്ത്; മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ

ജയ്‌പൂർ: ചില മധുരപലഹാരക്കടകൾ തങ്ങളുടെ പരമ്പരാഗത മധുരപലഹാരങ്ങളുടെ പേരിൽ നിന്ന് “പാക്ക്” എന്ന വാക്ക് ഒഴിവാക്കി “ശ്രീ”എന്ന് ചേർക്കാൻ തീരുമാനിച്ചു.മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്ന് അറിയപ്പെടും.

ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം വർദ്ധിക്കുകയും ജനരോഷം ആളിക്കത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

ഈ ആക്രമണത്തിനുശേഷം ദേശീയ വികാരം ഉയർന്നുവന്നതോടെ, പാകിസ്ഥാനുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എന്തും ഒഴിവാക്കാൻ കൂടുതൽ ജനം മുന്നോട്ട് വരികയാണ്.

ജയ്‌പൂരിലെ വൈശാലി നഗറിലെ പ്രമുഖ മധുരപലഹാരക്കടയായ, ത്യോഹാർ സ്വീറ്റ്സ് തങ്ങളുടെ മധുരപലഹാരങ്ങളിൽ മുൻപ് ഉപയോഗിച്ചിരുന്ന “പാക്ക്” ഒഴിവാക്കി. മൈസൂർ പാക്ക് ഇപ്പോൾ മൈസൂർ ശ്രീ ആയി.

മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക് തുടങ്ങിയ മറ്റ് മധുരപലഹാരങ്ങൾ യഥാക്രമം മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെ പുനർനാമകരണം ചെയ്തു. സ്വർണ്ണ ഭസ്മ പാക്ക്, ചാന്ദി ഭസ്മ പാക്ക് തുടങ്ങിയ കടയിലെ പ്രീമിയം മധുരപലഹാരങ്ങളും സ്വർണ്ണ ഭസ്മ ശ്രീ, ചാന്ദി ഭസ്മ ശ്രീ എന്നിങ്ങനെ പേര് മാറ്റി.

“പാക്ക്” എന്ന വാക്ക് പരമ്പരാഗതമായി മധുരമുള്ള സിറപ്പ് ഉപയോഗിച്ച് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന രീതിയെയാണ് സൂചിപ്പിക്കുന്നത്. അതിന് പാകിസ്ഥാനുമായി ബന്ധമില്ല.

ജയ്‌പൂരിലെ സാംഗനേരി ഗേറ്റിനടുത്തുള്ള ബോംബെ മിഷ്ഠാൻ ഭണ്ഡാർ എന്ന മറ്റൊരു മധുരക്കടയും തങ്ങളുടെ മധുരപലഹാരങ്ങളിൽ നിന്ന് “പാക്ക്” എന്ന വാക്ക് നീക്കം ചെയ്തു.

നഗരത്തിലെ മറ്റ് പല മധുരക്കടകളും ത്യോഹാർ സ്വീറ്റ്സിന്റെയും ബോംബെ മിഷ്ഠാൻ ഭണ്ഡാറിന്റെയും പാത പിന്തുടരുകയാണ്.

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ രാജ്യതാൽപര്യത്തിന് വേണ്ടിയാണ് ഈ മധുരക്കടയുടമകളുടെ ഈ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News