സിന്ദൂരം മായ്ച്ചതിൻ്റെ പ്രതികാരകഥകൾ ….

കൊച്ചി : മുമ്പ് നടന്ന സർജിക്കൽ സ്ട്രെക്ക് കാലത്ത് ‘തെളിവ്’ ചോദിച്ചവരെല്ലാം പിന്തുണ പ്രഖ്യാപിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമെൻ സാമൂഹിക നിരീക്ഷകനായ ആര്യാലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:

 

ഒരു_സിന്ദൂരപ്പൊട്ടിൻ്റെ_ഓർമ്മയ്ക്ക്

ഒരു പേരിലെന്തിരിക്കുന്നു?!” എന്ന ചോദ്യം അമ്പേ അപ്രസക്തമായ ദിവസമാണിന്ന്.ആ പേരിൽ എല്ലാമുണ്ടായിരുന്നു. അകാല വൈധവ്യത്തിൻ്റെ നോവു പിണഞ്ഞ പെൺമക്കളെയോർത്ത് ഹൃദയം നൊന്ത ഒരച്ഛൻ്റെ കരുതലും പകയും പ്രതികാരവും ആ പേരിലുണ്ട്.ഈ രാജ്യത്തിൻ്റെ ഇതിഹാസ പാരമ്പര്യമുണ്ട്. ചരിത്രവും സംസ്കാരവുമുണ്ട്.

സ്കാൽപും ഹാമറും അടക്കമുള്ള സൂക്ഷ്മ വേധികളായ,തെരഞ്ഞെടുത്ത് പ്രയോഗിക്കപ്പെട്ട എല്ലാ ‘പന്നിപ്പടക്കങ്ങളെ’ക്കാളും തീക്ഷ്ണമാണ് “സിന്ദൂർ” എന്ന പേര്.അത് നിർദ്ദേശിച്ചത് നരേന്ദ്ര മോഡിയാണ് എന്ന അറിവിനപ്പുറം ഈ രാജ്യത്തെ സ്ത്രീകളെ സനാഥകളും സന്തോഷവതികളുമാക്കുന്ന മറ്റെന്താണുള്ളത്.

“നിൻ്റെ മോദിയോടു പോയി പറയൂ” എന്ന പഹൽഗാമിലെ വെടിയൊച്ചകൾക്കൊപ്പം കേട്ട ആക്ഷേപം കേൾക്കേണ്ട ചെവികളിൽ എത്തിയിരിക്കുന്നു! ഭ്രാതൃഭാവത്തിലും പിതൃഭാവത്തിലുമായി ഒരു രക്ഷ അവരെ പൊതിഞ്ഞു നിൽക്കുന്നു. നാം സനാഥരായിരിക്കുന്നു!

സീമന്തരേഖകളിൽ നിന്നും സിന്ദൂരം മായ്ച്ചതിൻ്റെ പ്രതികാരകഥകൾ ലോകത്തോടു വിളിച്ചു പറഞ്ഞത് മോദിയുടെ രണ്ടു പെൺമക്കളാണ്; ‘സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും’.അവിടെയും ആ മനുഷ്യൻ ചരിത്രം എഴുതുകയായിരുന്നു. നല്ല അച്ഛൻ്റെ പെൺമക്കൾ എങ്ങനെയാണ് ശാക്തീകരിക്കപ്പെടുന്നതെന്ന് ലോകത്തോടു മാത്രമല്ല ആഭ്യന്തര വായാടികളായ സകല ഫെമിനിസ്റ്റ് ദുരന്തങ്ങളോടുമുള്ള മറുപടി കൂടിയായിരുന്നു അത്.

പൂവ് ചോദിച്ചവർക്കെല്ലാം പൂക്കാലമാണു കിട്ടിയത്.ആക്രമണത്തിൻ്റെ തെളിവുകൾ ആവശ്യത്തിലധികം വെളിയിൽ വന്നിട്ടുണ്ട്. ഇത്തവണ പൈൻ മരങ്ങളെന്ന ആക്ഷേപത്തിനു തീരെ സാധ്യതയില്ല. മതഭീകരവാദം അടവെച്ചുവിരിയിച്ച മർക്കസ്സുകളും മദ്രസകളുമാണ് തവിടുപൊടിയായിക്കിടക്കുന്നത്. “വേട്ട”എന്നാണ് സോഫിയ ഖുറേഷി ഇതിനെ വിശേഷിപ്പിച്ചത്. മൃഗങ്ങളെ പിൻതുടർന്ന് കൊല്ലുന്നതിന് വേട്ടയോളം മികച്ച മറ്റൊരു വാക്കേതാണുള്ളത്?!

രാജ്യം അതിൻ്റെ പ്രതികാരം ചെയ്തിരിക്കുന്നു. ദുശ്ശാസന മേധങ്ങളാൽ അഴിഞ്ഞുലഞ്ഞ മുടികളൊന്നും ഇനി ചോര പുരട്ടി കെട്ടാൻ തടസ്സമില്ല.അത്രത്തോളം അത് ഒഴുകിപ്പരന്നിരിക്കുന്നു. രാജ്യം അതിൻ്റെ ബലിഷ്ഠകരങ്ങളാൽ ഭീകരതയുടെ മാറു പിളർന്നിക്കുന്നു.

പ്രിയപ്പെട്ട മോദി നിങ്ങൾ എന്തു മനുഷ്യനാണ്!സിംഹപൗരുഷത്താൽ ലോകനേതാവാകുന്നു. ശ്രദ്ധ കൊണ്ട് ഗുരുവും കാരണവരുമാകുന്നു. അനുകമ്പാർദ്രതയാൽ സഹോദരനും പിതാവുമാകുന്നു. സ്ഥിരചിത്തതയാൽ സൗമ്യശാന്തനായിരിക്കുമ്പോഴും പ്രതികാരങ്ങളൊന്നും മറന്നുപോകാതെ എണ്ണിയെണ്ണി കണക്കു ചോദിക്കുന്നു. കോടികളുടെ ഹൃദയം നിങ്ങൾക്ക് കീഴ്പ്പെട്ടു പോകുന്ന സ്നേഹത്തിൻ്റെ രസതന്ത്രമാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം. കഴുതപ്പുലികളുടെ സിംഹാസനച്ചുവട്ടിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചതിനു നന്ദി മഹാത്മാവേ…. നിങ്ങളുടെ കാലത്ത് ജീവിക്കാനനുവദിച്ചതിന് ദൈവത്തിനും നന്ദി!

NB: മുൻപ് തെളിവു ചോദിച്ചവരെല്ലാവരും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു! നല്ലതു തന്നെ…. പക്ഷെ കരയാനുള്ള സമയമാണ് നിങ്ങൾ പാഴാക്കി കളയുന്നത്!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News