ജപ്പാനിൽ വൻ ഭൂകമ്പം,സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ്.ഇഷികാവയിലെ നോട്ടോ മേഖലയിലായിരുന്നു ഈ ദുരന്തം. തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്പമുണ്ടായി.7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സുനാമി സാധ്യത ഉള്ളതിനാൽ താമസക്കാരോട് ഉടൻ തന്നെ ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങൾ ഇഷിക്കാവ തീരത്തും അയൽപക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.പട്ടണങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ജലക്കുഴലുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കൻ ദ്വീപായ ഹോക്കൈഡോയിലും തെക്കൻ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിനിൽ റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിഗറ്റ, ടോയാമ മേഖലകളിൽ തിരമാല 5 മീറ്റർ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആണവ നിലയങ്ങളെ ബാധിച്ചോ എന്ന് നിരീക്ഷിച്ചുവരികയാണ്.നിലവിൽ തങ്ങളുടെ ആണവ നിലയങ്ങളിൽ അസാധാരണതമായി ഒന്നും സംഭവിച്ചിട്ടില്ല. 2011 മാർച്ച് 11 ന് വടക്കുകിഴക്കൻ ജപ്പാനിൽ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തിൽ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയിൽ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വഴിവെച്ചു. ഇത് വന്‍ ആണവ വികിരണചോര്‍ച്ചയും ഉണ്ടാക്കി.