ക്രൈസ്തവരുടെ നിലപാട് തീരുമാനിക്കുന്നത് മറ്റ് പാർട്ടികളല്ല

In Editors Pick, Featured
January 01, 2024

കൊച്ചി:  ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി പറഞ്ഞു.

നരേന്ദ്രമോദിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന്  ജേക്കബ് പാലപ്പിള്ളി പറഞ്ഞു.

‘സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പുലർത്തണം. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ നേരത്തേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് സജി ചെറിയാൻ. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള ഒരു നിഘണ്ടു അവരുടെ കൈയിലുണ്ട്. ഇത്തരം നിഘണ്ടുകൾ ഉപയോഗിക്കുന്ന ഒരു സ്കൂളിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. – ഫാദർ ജേക്കബ് പാലപ്പിള്ളി ചോദിച്ചു.

‘ബിഷപ്പുമാർ പങ്കെടുത്തത് രാജ്യത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്. പ്രധാനപ്പെട്ട തിരുനാൾ ദിവസം ക്രൈസ്തവർ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം വിളിച്ചത്. അതിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. അത് ക്രൈസ്തവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഇക്കാര്യം ഇതേ രീതിയിൽ കാണാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം.

ഒരു വിഭാഗത്തിനെന്നല്ല കേരളത്തിലെ മുഴുവൻ ക്രൈസ്തവർക്കും സജി ചെറിയാന്റെ പ്രസ്താവന സ്വീകാര്യമായിരുന്നില്ല. മുമ്പ് ഒരു ക്രിസ്‌തുമസിന് കെസിബിസി വിരുന്നൊരുക്കിയപ്പോൾ അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരെയും ക്ഷണിച്ചിരുന്നു. അതിനെ വിമർശിച്ചുകൊണ്ട് സഭ്യമല്ലാത്ത രീതിയിൽ ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായ കെടി ജലീൽ പ്രതികരിക്കുകയുണ്ടായി. ഭരണകക്ഷികളിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടാകുന്നത് ശരിയായ പ്രവണതയാണെന്ന് തോന്നുന്നില്ല.’- കെസിബിസി വക്താവ് പറഞ്ഞു.

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ ഇന്നലെയാണ് രംഗത്തെത്തിയത്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ഇതിനോടാണ് കെസിബിസി ഇപ്പോൾ പ്രതികരിച്ചത്.