January 24, 2025 1:39 am

ഉടക്കുമായി ദക്ഷിണ റെയില്‍വേ:കെ റെയില്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പ്രതിസന്ധി. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാകില്ലെന്നു ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കെ റെയില്‍ ആവശ്യപ്പെട്ട മുഴുവന്‍ റെയില്‍വേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോര്‍ട്ട്. റെയില്‍വേ ഭൂമിയില്‍ കെ റെയിലുമായി ചേര്‍ന്നുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു റെയില്‍വേ ബോര്‍ഡ് ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂര്‍ണമായും റെയില്‍വേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സില്‍വര്‍ലൈനിന് 183 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈന്‍മെന്റ് അന്തിമമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളോടു ചേര്‍ന്നു സില്‍വര്‍ലൈന്‍ ട്രാക്ക് കടന്നുപോകുമ്പോള്‍ അതു ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ ഇളക്കുമ്പോഴും പുനര്‍നിര്‍മിക്കുമ്പോഴുമുള്ള പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പൊളിച്ചുമാറ്റുന്നവ പുനര്‍നിര്‍മിക്കുന്നതിനുള്ള ചെലവ് പദ്ധതിച്ചെലവിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിച്ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകനായ കോട്ടയം മുളക്കുളം സ്വദേശി എം.ടി.തോമസിനു വിവരാവകാശ നിയമം വഴിയാണു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News