ട്രംപ് വീണ്ടും വന്നു: അമേരിക്കയുടെ സമ്പദ് വ്യവസ്ഥ താഴേക്ക്

വാഷിംഗ്ടണ്‍: മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായി അമേരിക്കയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ്.

2025ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ സമയമാണിത്.

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതായി വാണിജ്യ വകുപ്പ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വന്‍ താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബിസിനസുകളും വ്യക്തികളും ഉത്പന്നങ്ങള്‍ ശേഖരിച്ചതിനാല്‍ ഇറക്കുമതി വര്‍ധിച്ചതാണ് കാരണമെന്നാണ് വിദഗ്ധരുടെ പക്ഷം.

എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം തള്ളിയ ട്രംപ് കുറ്റം മുന്‍ പ്രസിഡന്റ് ജോ ബൈഡനു മേലാണ് ചുമത്തിയത്. ട്രംപിന്റേതല്ല ബൈഡന്റെ ഓഹരി വിപണിയാണ് കാരണമെന്ന് ട്രൂത്ത് സോഷ്യലില്‍ ഡൊണള്‍ഡ് ട്രംപ് കുറിച്ചു. ‘ബൈഡന്‍ ഹാങ് ഓവര്‍’ യു എസ് ഒഴിവാക്കണമെന്നും രാജ്യം ‘ബൂം’ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം പരസ്പര താരിഫുകള്‍ കൊണ്ടുവന്നതിന് അദ്ദേഹത്തെ സ്വയം പ്രശംസിക്കുകയും താരിഫുകള്‍ ഉടന്‍ ആരംഭിക്കുമെന്നും രാജ്യം കുതിച്ചുയരുമെന്നും അവകാശപ്പെടുകയും ചെയ്തു.

കുതിച്ചു ചാട്ടം ആരംഭിക്കുന്നതുവരെ ക്ഷമയോടെയിരിക്കാനാണ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടത്. മാറ്റത്തിന് കുറച്ച് സമയമെടുക്കുമെന്നും ഇപ്പോഴത്തെ ഇടിവിന് താരിഫുകളുമായി ഒരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു.

വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) ആദ്യ പാദത്തില്‍ 0.3 ശതമാനമാണ് വാര്‍ഷിക നിരക്കില്‍ കുറഞ്ഞത്. 2022ലെ ആദ്യ പാദത്തിന് ശേഷമുള്ള നെഗറ്റീവ് വളര്‍ച്ചയുടെ ആദ്യ പാദമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News