കെ സുധാകരൻ ഒഴിഞ്ഞു; സണ്ണി ജോസഫ് കോൺഗ്രസ്സിനെ നയിക്കും

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ്സിൽ താൽക്കാലിക വെടിനിർത്തൽ. കെ.സുധാകരനെ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാററിയ ഹൈക്കമാണ്ട്, അദ്ദേഹത്തിൻ്റെ അടുത്ത അനുയായി സണ്ണി ജോസഫ് എം.എൽ.എയെ സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കാൻ നിയോഗിച്ചു.

സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനെ മാറ്റിയത്.

എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ.

പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും സുധാകരനെ അനുനയിപ്പിക്കുകയായിരുന്നു ഹൈക്കമാണ്ട്.

തൊടുപുഴയിൽനിന്ന് കണ്ണൂർ ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു സണ്ണി ജോസഫിൻ്റെ കുടുംബം. കെഎസ്‍യു വഴി രാഷ്ട്രീയക്കാരനായി. 2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്.

കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.

ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന പൊതു അഭിപ്രായം.

എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു.അതുകൊണ്ടാണ് ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് യു.ഡി.എഫ് കൺവീനർ സ്ഥാനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News