മോസ്കോ: ജനസംഖ്യാ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമം റഷ്യ ആരംഭിച്ചു .ഇതിൻ്റെ ഭാഗമായി റഷ്യയിലെ പത്ത് പ്രവിശ്യകളിൽ സ്കൂൾ വിദ്യാർത്ഥിനികൾ ഗർഭം ധരിച്ച് പ്രസവിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയിലധികം പ്രതിഫലം നൽകുന്ന പദ്ധതി നടപ്പാക്കിത്തുടങ്ങി.
റഷ്യയുടെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2023-ൽ ഒരു സ്ത്രീക്ക് ശരാശരി 1.41 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ഇത് 2.05 എങ്കിലും ആകേണ്ടതുണ്ട്. ഈ കുറവ് രാജ്യത്തനെ ഭാവിക്ക് വലിയ ഭീഷണിയാണെന്ന് സർക്കാർ കരുതുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം ജനസംഖ്യാ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ മരിച്ച സൈനികരുടെ എണ്ണം വളരെ കൂടുതലാണ്. കൂടാതെ, നിർബന്ധിത സൈനിക സേവനം ഭയന്ന് ആയിരക്കണക്കിന് യുവാക്കൾ രാജ്യം വിടുകയും ചെയ്തിട്ടുണ്ട്.ഇത് പ്രത്യുത്പാദന പ്രായത്തിലുള്ള പുരുഷന്മാരുടെ എണ്ണം കുറയ്ക്കുന്നു.
ജനസംഖ്യാ വർദ്ധനവിന് വേണ്ടി എന്തു വഴിയും സ്വീകരിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ചില പ്രവിശ്യകൾ ഇത്തരം നടപടികൾക്ക് മുതിരുന്നത്.
നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം: നേരത്തെ മുതിർന്ന സ്ത്രീകൾക്ക് നൽകിയിരുന്ന ഗർഭധാരണ പ്രോത്സാഹനങ്ങളും ശിശുപരിപാലന സഹായങ്ങളും ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനികൾക്കും ബാധകമാക്കിയിട്ടുണ്ട്.
ഈ നയം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 43% റഷ്യക്കാർ ഈ നയത്തെ പിന്തുണയ്ക്കുമ്പോൾ 40% പേർ ഇതിനെ എതിർക്കുന്നു എന്നാണ് ഒരു സർവേ പറയുന്നത്.
പ്രായപൂർത്തിയാകാത്ത ഗർഭധാരണം പ്രോത്സാഹിപ്പിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും, ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ ഇത് അത്യാവശ്യമാണെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.