ന്യൂഡല്‍ഹി: ഇന്ത്യയിലെ വെള്ളം ഇനി ഇന്ത്യക്ക് മാത്രം.പാകിസ്താനിലേക്ക് വെള്ളം നല്‍കില്ല – പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.ഇന്ത്യയിലെ ജലം രാജ്യ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
എബിപി നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവേയാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ്,ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്.
ഇപ്പോള്‍ ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്. അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യും- മോദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത്.അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്കു നീളുമെന്ന തരത്തിലാണ് പാകിസ്താനില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കുമെന്ന ഭീതിയിലാണ് പാകിസ്താന്‍.