May 11, 2025 10:58 am

ശ്രീനഗറിൽ വീണ്ടും ഡ്രോണുകൾ എന്ന് ഒമർ അബ്‌ദുള്ള

ന്യൂഡൽഹി: ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും, പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ഉണ്ടോയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു.

പാകിസ്ഥാൻ്റെ ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തിയെന്നാണ് സൂചന. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, കത്വ രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്‌സാൽമീറിലും സമാന നിയന്ത്രണമുണ്ട്.ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി.

ഗുജറാത്തിലെ കച്ചിലെ ഹരമിനാല പ്രദേശത്ത് ഡ്രോൺ വെടിവച്ചിട്ടതായി വിവരമുണ്ട്.കച്ചിൽ ഡ്രോൺ എത്തിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി എക്സിൽ കുറിച്ചു. വിവിധ ജില്ലകളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുമെന്നും സുരക്ഷിതരായി ഇരിക്കാനും ഇദ്ദേഹം എക്സിലെ പോസ്റ്റിൽ ആവശ്യപ്പെടുന്നു. പഞ്ചാബിൽ എവിടെയും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബ്ലാക്ക് ഔട്ട് പിൻവലിച്ച സ്ഥലങ്ങളിൽ തന്നെ ഇപ്പോൾ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതായാണ് വിവരം.

ജമ്മുവിലെ രജൗരി, അഖ്‌നൂർ, തുടങ്ങിയ മേഖലകളിൽ ബിഎസ്എഫിൻ്റെ പോസ്റ്റുകൾക്ക് നേരെയും വെടിവയ്പ്പുണ്ടാകുന്നുണ്ട്. അതിർത്തി കടന്ന് ഡ്രോണുകൾ വന്നിട്ടില്ലെന്നും എന്നാൽ അതിർത്തിയിലേക്ക് പാക് ഡ്രോണുകളെത്തിയെന്നുമാണ് പ്രതിരോധ സേനാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

കേന്ദ്ര സർക്കാർ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്.ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി കണ്ടു.

പ്രതിരോധ സേനകളുടെ സ്ഥിരീകരണമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News