ന്യൂഡൽഹി : സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നംബാല കേശവറാവു എന്ന ബസവരാജ് (67) ഉള്‍പ്പെടെ 27 മാവോവാദികളെ ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് ആയിരുന്നു നംബാല കേശവറാവു .മാവോയിസ്റ്റ് ഭീകരപ്രസ്ഥാനത്തിന് ഇത് കനത്ത തിരിച്ചടിയായി.
ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
മാവോവാദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയാനപേട്ട സ്വദേശിയാണ് നമ്പാല കേശവ റാവു. എൺപതുകളുടെ തുടക്കത്തിൽ വാറംഗൽ റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയപ്രവേശം നടത്തിയത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ ദേശീയതലത്തിൽ പേരെടുത്ത വോളീബോൾ കളിക്കാരനുമായിരുന്നു. കോളേജിൽ വച്ച് എ ബി വി പിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആ ഒരൊറ്റത്തവണ മാത്രമാണ് ഇയാൾ പോലീസിൻ്റെ പിടിയിലായിട്ടുള്ളത്. ബിടെക് ബിരുദം നേടിയ ശേഷം കേശവ റാവു മാവോയിസത്തിൽ ആകൃഷ്ടനായി.
പെട്ടെന്ന് തന്നെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സൈനിക വിഭാഗങ്ങളുടെ തലപ്പത്തേക്ക് ഉയർന്നു. 2004-ൽ പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെൻ്റർ ഓഫ് ഇന്ത്യയും (എംസിസിഐ) ലയിച്ച് സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോൾ, ബസവരാജു കേന്ദ്ര കമ്മിറ്റി അംഗമായി. 2018-ൽ ഗണപതി എന്ന മുപ്പല്ല ലക്ഷ്മണ റാവു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ബസവരാജു കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായത്.
ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ബസവരാജുവായിരുന്നു. 2013-ൽ ജാർഖണ്ഡിലെ ലാത്തേഹറിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ബസവരാജു ആയിരുന്നു എന്ന് പറയപ്പെടുന്നു.
ഈ സംഭവത്തിൽ, മാവോയിസ്റ്റ് പിടിയിലായി വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ്റെ ശരീരത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ വയർ കീറി ഫോട്ടോസെൻസിറ്റീവ് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയുണ്ടായി. പ്രകാശം പതിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് രക്ഷാപ്രവർത്തനത്തിനെത്തുന്ന സുരക്ഷാ സേനാംഗങ്ങളും ഡോക്ടർമാരും കൊല്ലപ്പെടണം എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
ബസവരാജുവിന്റെ നേതൃത്വത്തിൻ കീഴിൽ നടന്ന പ്രധാന ആക്രമണങ്ങൾ ഇവയാണ് :
2018 സുക്മ ബോംബ് ആക്രമണം: സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനം സഞ്ചരിക്കുന്ന വഴിയിൽ ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്തി. ഒൻപത് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 ഗഡ്ചിറോളി കുഴിബോംബ് സ്ഫോടനം: മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ റോഡ് നിർമ്മാണ സ്ഥലത്തെ വാഹനങ്ങൾ കമ്യൂണിസ്റ്റ് ഭീകരവാദികൾ അഗ്നിക്കിരയാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം ആ വഴി വന്ന പോലീസ് വാഹനത്തിന് നേരെ കുഴിബോംബ് പൊട്ടിത്തെറിച്ചു. 15 പോലീസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2021 സുക്മ-ബിജാപ്പൂർ ആക്രമണം: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സുരക്ഷാ സേനയെ പതിയിരുന്ന് ആക്രമിച്ചു, ഇത് മണിക്കൂറുകൾ നീണ്ട വെടിവയ്പ്പിലേക്ക് നയിച്ചു. ഈ സംഭവത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2023 ദന്തേവാഡ കുഴിബോംബ് സ്ഫോടനം: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിന് നേരെ ഐ.ഇ.ഡി സ്ഫോടനം. 10 ഡി.ആർ.ജി (ഡിസ്ട്രിക്ട് റിസർവ് ഗാർഡ്) ഉദ്യോഗസ്ഥരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടു.
2025 ബിജാപ്പൂർ സ്ഫോടനം: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിന് നേരെ ശക്തമായ ബോംബ് സ്ഫോടനം. എട്ട് ഡി.ആർ.ജി ഉദ്യോഗസ്ഥരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടു.