April 30, 2025 7:37 am

മുഖ്യമന്ത്രി വെട്ടിലായി; സെക്രട്ടറി സി ബി ഐ കേസിൽ പ്രതി

തിരുവനന്തപുരം: അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ഡോ. കെ.എം.എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും കനത്ത ആഘാതമായി.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ എബ്രഹാമിന് എതിരെയുള്ള കേസ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആണ് സി ബി ഐ നീക്കം.പൊതുപ്രവർത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിൻ്റെ ഹർജിയെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ ഇടപെട്ടത്.

ഈ കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വിജിലന്‍സ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവ് വിജിലന്‍സ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് രേഖകള്‍ കൈമാറുന്നത് സംബന്ധിച്ച് കത്തുനല്‍കിയിരുന്നു. വെള്ളിയാഴ്ച വരെയും വിജിലന്‍സ് കത്തിന് മറുപടി നല്‍കിയില്ല.

തുടര്‍ന്ന് കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു പരാതി സിബിഐ എഴുതിവാങ്ങി. പിന്നീടാണ് സിബിഐ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്‌ഐആര്‍ സിബിഐ സംഘം സമര്‍പ്പിക്കും.

എബ്രഹാം 2015 ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ്
ജോമോന്‍ പുത്തന്‍പുരയ്ക്കലിൻ്റെ ഹർജിയിൽ പറയുന്നത്.എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.

പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ഡോ.ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം എബ്രഹാം നിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News