May 13, 2025 11:27 am

ജമ്മുവിൽ വന്ന പാക് ഡ്രോണുകൾ സൈന്യം തകർത്തു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ ജമ്മുവിലെ സാംബ സെക്ടറിൽ വീണ്ടും പാകിസ്ഥാൻ്റെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു.

വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

ജമ്മുവിൽ നിന്ന് 40 കിലോമീറ്റർ അകലെ അതിർത്തി മേഖലയാണ് സാംബ. ഇവിടെയാണ് രാത്രിയോടെ ഡ്രോണുകൾ തകർത്തത്. സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണുകൾ നിയന്ത്രണ രേഖ കടന്നോയെന്നും വ്യക്തമല്ല.

സാംബ‍ ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

പാകിസ്ഥാനോട് കടുത്ത ഭാഷയിലാണ് ഇന്നത്തെ അഭിസംബോധനയിൽ മോദി മുന്നറിയിപ്പ് നൽകിയത്. ആണവായുധ ഭീഷണി എന്ന ബ്ലാക്ക് മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ല. അണുവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. അണുവായുധത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ ഉന്നമിട്ട് തകർക്കുമെന്ന് മോദി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നേരെ വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിൽ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

പാകിസ്ഥാന്‍റെ ആണവായുധ ശേഖരത്തിന് അടുത്ത് ഇന്ത്യ ബോംബിംഗ് നടത്തിയെന്ന പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ ഈ പ്രസ്താവന എന്നതും നിർണായകം. ആണവായുധമുള്ളത് കൊണ്ട് മാത്രം പാകിസ്ഥാന് ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടത്തി രക്ഷപ്പെടാൻ കഴിയില്ലെന്ന നയത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News