തിരുവനന്തപുരം : പാകിസ്ഥാൻ ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്നതിനെപ്പററി വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വിദേശത്തേയ്ക്ക് അയ്ക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിൽ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് അവസാന നിമിഷം കോൺഗ്രസ് നേതൃത്വം അനുമതി നൽകിയെങ്കിലും അതുണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല.
പൊതുമണ്ഡലത്തിലും സൈബർ ലോകത്തും ഇതുസംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്.ഐക്യരാഷ്ടസഭയിൽ ഉദ്യോഗസ്ഥനായിരുന്ന പ്രമോദ് കുമാർ ഫേസ്ബുക്കിലിട്ട് കുറിപ്പിന് കോൺഗ്രസ്സുകാർ അടക്കം നിരവധിയാളുകൾ പ്രതികരിക്കനെത്തുന്നുണ്ട്.
അദ്ദേഹത്തിൻ്റെ പോസ്ററ് ഇങ്ങനെ:
തരൂരിന്റെ കാര്യത്തിൽ പല കോൺഗ്രസ്സ് അനുഭാവികളും പറഞ്ഞ പോലെ, ഹൈ കമാൻഡ് ചെയ്തത് തന്ത്രപരമായ പിഴവാണ്. പൊതുവായി പാർട്ടി അച്ചടക്കത്തിന് വഴങ്ങാതെ ഒരു “ലോൺ റേഞ്ചർ” ആയി നടക്കുന്ന തരൂർ കോൺഗ്രസ്സ് നേതൃത്വത്തിന് ഒരു നൂയിസൻസ് ആയി മാറിയിട്ടുണ്ടെന്നത് സത്യം തന്നെ,
പക്ഷെ വളരെ പ്രധാനപ്പെട്ട ഒരു ദേശീയ നയതന്ത്രാവശ്യത്തിന് കേന്ദ്ര സർക്കാർ പേര് ചോദിക്കുമ്പോൾ അതിന് ഇന്ന് കോൺഗ്രസ്സിൽ ഏറ്റവും അനുയോജ്യനായ ആളുടെ പേര് കൊടുക്കാതിരിക്കുന്നത് മിടുക്കരെ ഒതുക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വളരെ പ്രാകൃതമായ ഒരു മാനേജ്‍മെന്റ് തന്ത്രമാണ്. ഇത് സാധാരണ ചെയ്യുന്നത് ഒരു ടീമിന്റെയോ, കമ്പനിയുടെയോ, ഡിപ്പാർട്മെന്റിന്റെയോ തലപ്പത്ത് ഇരിക്കുന്ന ആൾ അടുത്ത നിരയിലുള്ള മിടുക്കരായ ആളുകൾ തനിക്ക് ഒരു ഭീഷണിയായേക്കാം എന്ന് തോന്നുമ്പോഴാണ്.
അതായത്, വളരെ ക്രിട്ടിക്കൽ ആയ ഒരു റോളിന് ഏറ്റവും യോജിക്കുന്ന ആളെ വെട്ടിയിട്ട് അയാൾക്കു താഴെ അയാളെ വെട്ടാൻ നോക്കിയിരിക്കുന്ന ആളെ നോമിനേറ്റ് ചെയ്യുക. സർക്കാരിൽ ഇത് സർവ സാധാരണമാണ്, ലാഭമുണ്ടാക്കുന്ന കോർപറേറ്റ് കമ്പനികളിലും ഉണ്ട്. ഞാൻ എന്റെ അന്തർദേശീയ ജോലിയിലും പലരും ഇത് ധാരാളം ചെയ്യുന്നതും കണ്ടിട്ടുണ്ട്.
ഇത് തന്ത്രപരമായ പിഴവാണ്. കോൺഗ്രസ്സിനെക്കുറിച്ചും, ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും ഉള്ള ധാരാളം പുസ്തകങ്ങളിൽ വായിച്ചു മനസ്സിലാക്കിയതിൽ സോണിയാ ഗാന്ധി എല്ലാക്കാലവും ഇങ്ങനെ ആളെകൊച്ചാക്കുന്ന സ്വഭാവമുള്ളതായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്, അവരുടെ ഈഗോയെക്കുറിച്ച് നേരിട്ടറിയുന്നവരും അനുഭവസ്ഥരും എന്നോട് പറഞ്ഞും അറിയാം;
പക്ഷെ രാഹുൽ ഗാന്ധി നയിക്കുന്ന ഒരു കോൺഗ്രസ്സിൽ ഇത് സംഭവിക്കുന്നത് ചീപ് ആയിപ്പോയി. വെറും തറപ്പരിപാടി ആയിപ്പോയി. തരൂരിനെ ഉപയോഗമില്ലെങ്കിൽ, അയാൾ വലിയ ആള് കളിക്കുകയാണെങ്കിൽ ഇഗ്നോർ ചെയ്യുകയാണ് വേണ്ടത്, അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുകയല്ല.