July 20, 2025 11:59 pm

ധർമസ്ഥലയിലെ കൊലകൾ: അന്വേഷണ സംഘം രംഗത്ത്

ബംഗളൂരു: പ്രസിദ്ധമായ ധർമസ്ഥല ക്ഷേത്രത്തിന് സമീപം നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കത്തിച്ച് മറവുചെയ്തിട്ടുണ്ടെന്ന ക്ഷേത്രം തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു കർണാടക സർക്കാർ ഉത്തരവിട്ടു.

ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും.ഈ മാസം ആദ്യമായിരുന്നു കർണാടകയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തു വന്നത്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തിൽ ഇടപെട്ടതോടെയാണ് ഈ നടപടി.

995നും 2014നും ഇടയിൽ ധർമസ്ഥലത്ത് നൂറുകണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചു മൂടിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിൽ അധികവും സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നു. അധികം മൃതദേഹങ്ങളും നഗ്നമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായതായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെളിപ്പെടുത്തൽ ഇങ്ങനെ:

1995നും 2014നും ഇടയിൽ താൻ ധർമസ്ഥലം ക്ഷേത്രം ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്ന സമയത്താണ് സംഭവം. പ്രദേശത്ത് സ്ത്രീകളുടെയും കുട്ടികളുടെതുമായി നിരവധി മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നു. ഇതു കണ്ട് ഭയം തോന്നിയ താൻ സൂപ്പർ വൈസറെ വിവരം അറിയിച്ചെങ്കിലും മറവു ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ് എന്ന് അദ്ദേഹം അറിയിച്ചു.അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു.

മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർ‌ത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു. തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയും അതിനോട് ചേർന്ന പ്രദേശങ്ങളും കഴിഞ്ഞ കുറച്ചുകാലമായി ദുരൂഹവും ഭയാനകവുമായ കൊലപാതക പരമ്പരകളുടെ നിഴലിലാണ്.

മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.ന്യൂസ് 18 പോലുള്ള മാധ്യമങ്ങൾ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം വർധിച്ചത്.

ഈ കൊലപാതക പരമ്പരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നാണ് 2012-ൽ നടന്ന സൗജന്യ വധക്കേസ്. ഒരു വിദ്യാർത്ഥിനിയായിരുന്ന സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

Who Killed Sowjanya?: The Timeline of 11-year-long Rape and Murder case

വിദ്യാർത്ഥിനിയായിരുന്ന സൗജന്യ

ഈ കേസിൽ ആരോപണ വിധേയനായ സന്തോഷ് റാവു എന്നയാൾ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. എന്നാൽ, സൗജന്യയുടെ കുടുംബവും പൊതുജനങ്ങളും യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. ധർമ്മസ്ഥലയിൽ നടന്ന മറ്റ് അനേകം ദുരൂഹ മരണങ്ങളുമായി സൗജന്യ കേസിന് ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഈ കേസുകളിൽ പലതിലും പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായും ശക്തമായ രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിക്ക് പോലും മതിയായ സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പല കേസുകളിലും എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News