കൊച്ചി :മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് സുപ്രധാന പങ്കെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) റിപ്പോർട്ട്.
സിഎംആർഎൽ – എക്സാലോജിക് തട്ടിപ്പ് കേസിൽ പതിനൊന്നാം പ്രതിയാണ് വീണ.വീണയുടെ സ്ഥാപനമായ എക്സാലോജിക്, ശശിധരൻ കർത്ത എം.ഡിയായ സിഎംആർഎല്ലിന് സേവനം നൽകി എന്നതിനു തെളിവുകളില്ല. എന്നാൽ,വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആർഎൽ നൽകിയിരുന്നു.
വീണയും ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ച് സിഎംആർഎല്ലിൽനിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് നിലവിൽ എറണാകുളം അഡിഷനൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കേസെടുക്കാനും മറ്റ് നടപടികൾക്കും അഡിഷനൽ സെഷൻസ് കോടതി ഉത്തരവിട്ടെങ്കിലും 2 മാസത്തേക്ക് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈക്കോടതി നിർത്തിവച്ചിരിക്കുകയാണ്.
ഈ കാലാവധി കഴിഞ്ഞാൽ കേസ് വീണ്ടും അഡിഷനൽ സെഷൻസ് കോടതിയിലെത്തും. തുടർന്ന് സമൻസ് അയയ്ക്കുകയും വിചാരണ നടത്തുകയും ചെയ്യും. ഇ.ഡി എസ്എഫ്ഐഒ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.