സൻആ: ഇസ്രായേലിലെ വിമാനത്താവളം യെമനിലെ ഹൂതികൾ ആക്രമിച്ചതിനെ തുടർന്ന് യെമന് നേരെ ഇസ്രായേല്‍ തിരിഞ്ഞു.യെമന്‍ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ബോംബിട്ടു. ഹുദൈദ തുറമുഖവും നേരത്തെ അവർ ആക്രമിച്ചിരുന്നു.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ യെമന്‍ തലസ്ഥാനമായ സൻആ ലക്ഷ്യമിടുന്നത്. സൻആയിലെ പ്രധാന വിമാനത്താവളത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും വിമാനത്താവളം പ്രവർത്തനരഹിതമായെന്നുമാണ് ഇസ്രായേലി സൈന്യം പറയുന്നു.
മൂന്ന് സിവിലിയൻ വിമാനങ്ങൾ, പുറപ്പെടല്‍ ഹാൾ, വിമാനത്താവള റൺവേ, ഹൂതി നിയന്ത്രണത്തിലുള്ള ഒരു സൈനിക വ്യോമതാവളം എന്നിവയാണ് ആവർ ലക്ഷ്യമിട്ടത്.
ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ഇനിയും ലക്ഷ്യമിടുമെന്നും സമഗ്ര വ്യോമ ഉപരോധം തന്നെ ഏർപ്പെടുത്തുമെന്നും ഹൂതികള്‍ വ്യക്തമാക്കി.
ഇസ്രായേലിലെ ബൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപമാണ് ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈല്‍ പതിച്ചത്.
പിന്നാലെ ഇസ്രായേലിലേക്കുള്ള എല്ലാ സർവീസുകളും വിദേശ വിമാന കമ്പനികൾ നിര്‍ത്തിവെച്ചു. മിസൈൽ പ്രതിരോധിക്കുന്നതിൽ അമേരിക്ക കൈമാറിയ ‘താഡ്’ സംവിധാനം പരാജയപ്പെടുകയായിരുന്നു.
അതേസമയം യെമനിലെ ഹൂതികൾക്കും അവരെ പിന്തുണക്കുന്ന ഇറാനും കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി..