വിരമിക്കുന്നതിനു തൊട്ടു മുൻപ് സസ്‌പെൻഷൻ;ഒടുവിൽ നിരപരാധിത്വവും

In Featured
September 18, 2023

കോട്ടയം : മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചതിന് വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. സബ് ട്രഷറി ഓഫിസിലെ സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽ  കുമാറി(56)നാണ് ഈ ദുർഗതി. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.

ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചികിൽസിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഈ ഉദ്യോഗസ്ഥൻ . ഈ അവസ്ഥക്ക് ഉടൻ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .

സംഭവങ്ങളുടെ നാൾ വഴി ഇങ്ങനെ:-

 മാർച്ച് 31ന് റിട്ടയർമെന്റ് ദിവസം ഉച്ചയ്ക്ക് സുനിലിന്റെ ഫോണിലേക്ക് തിരുവനന്തപുരത്തു നിന്ന് ആശംസ അറിയിക്കുന്നതിന് ട്രഷറി ഡയറക്ടറുടെ വിളി വന്നു. എന്നാൽ കൂട്ടൂകാർ ആരോ ട്രോൾ ചെയ്യാൻ വിളിച്ചുവെന്നാണ് സുനിൽ കരുതിയത്. ട്രഷറി ഡയറക്ടറുമായി യാതൊരു ബന്ധവും സുനിലിന് ഇല്ലായിരുന്നു. എന്നാൽ വിളിച്ചത് യഥാർത്ഥത്തിൽ ട്രഷറി ഡയറക്ടറായിരുന്നു.

പക്ഷേ മോശമായി സംസാരിച്ചത് ഡയറക്ടറുടെ കോപത്തിനിടയാക്കി . ഇതോടെ നടപടിയും വ്ന്നു. ഫോണിൽ സുനിൽകുമാർ മോശമായി സംസാരിച്ചതിനാണ് അന്നു തന്നെ സസ്‌പെൻഷൻ വന്നത്.

ഉന്നത ഉദ്യോഗസ്ഥരെന്നു പറഞ്ഞ് മറ്റു ചിലർ ഫോണിൽ വിളിച്ച് തന്നെ കബളിപ്പിച്ചിട്ടുണ്ടെന്നും അത്തരത്തിൽ തെറ്റിദ്ധരിച്ച് ആളറിയാതെയാണ് മറുപടി പറഞ്ഞതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സുനിൽ നൽകിയ വിശദീകരണം. ഈ വിശദീകരണം വകുപ്പ് മുഖവിലയ്ക്ക് എടുത്തില്ല. അതായിരുന്നു പ്രശ്‌നമായി മാറിയത്.


റിട്ടയർ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രോഗബാധ തിരിച്ചറിഞ്ഞത്. 6 സെന്റ് സ്ഥലവും ചെറിയ വീടും കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തി. അങ്ങനെ ജീവിതം ദുരിത പൂർണ്ണമായി. പെൻഷനുമില്ല. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു. പ്രശ്‌നം തിരിച്ചറിയുകയും ചെയ്തു. പൊറുക്കാവുന്ന തെറ്റേ സുനിൽ കുമാർ ചെയ്തിട്ടുള്ളൂവെന്നാണ് വിലയിരുത്തൽ.സുനിൽകുമാറിന് ആനുകൂല്യങ്ങൾ ഉടൻ കിട്ടും.ആർക്കും പറ്റാവുന്ന അബദ്ധമാണ് സുനിലിന് പറ്റിയത്. ആ അർത്ഥത്തിൽ അതിനെ എടുക്കാനാണ് ഇനിയുള്ള തീരുമാനം.

ട്രഷറി ഡയറക്ടറേറ്റ് തലത്തിൽ സംഭവം വീണ്ടും അന്വേഷിച്ചെന്നും ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും സബ് ട്രഷറി അധികൃതർ പറയുന്നു .