ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചയാക്കാൻ പ്രവർത്തക സമിതിയിൽ ആഹ്വാനം

ദില്ലി : ലോക്‌സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് സംഘടനയുടെ താഴെത്തട്ട് മുതൽ ശക്തമാക്കാനും​ ജനങ്ങളുടെ പ്രശ്നങ്ങൾ സജീവചർച്ചയാക്കാനും ഹൈദരാബാദിലെ കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ആഹ്വാനം.

മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി 2024ലാണ്. ആ വർഷം തന്നെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് തൂത്തെറിയുകയാണ് ഗാന്ധിജിക്കുള്ള ഉചിതമായ ആദരവെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ പറഞ്ഞു.

ഭരണഘടനയെയും, ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്ന വെല്ലുവിളിയെക്കുറിച്ച് കോൺഗ്രസിന് ബോദ്ധ്യമുണ്ട്. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും എതിരാളികളെ പരാജയപ്പെടുത്താനാവും. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും വിജയം അതാണ് തെളിയിക്കുന്നത് സംഘടനയുടെ ഐക്യത്തിനാണ് പരമപ്രാധാന്യം. വിജയത്തിന് തന്നെയാവണം പരിഗണനയെന്നും ഖാർഗെ ഓർമിപ്പിച്ചു.

വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി. ജെ. പിയുടെ കെണിയിൽ വീഴരുതെന്നും ആശയപരമായ വ്യക്തത അനിവാര്യമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഹൈദരാബാദ് യോഗത്തോടെ പുതിയ ഊർജ്ജത്തോടെയും കൃത്യമായ സന്ദേശത്തോടെയും മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഭരണം നിലനിറുത്താമെന്ന ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിച്ചു. മദ്ധ്യപ്രദേശ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ചർച്ചയായി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. ജമ്മു കാശ്‌മീരിലെ തിരഞ്ഞെടുപ്പിനും തയ്യാറാകും.

യോഗ നിർദ്ദേശങ്ങൾ

1.വ്യക്തി താത്പര്യങ്ങളും ഭിന്നതകളും മാറ്റി അക്ഷീണം പ്രവർത്തിക്കണം

2. നേതാക്കളെയും പാർട്ടിയെയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിമർശിക്കരുത്

3. പാർട്ടിയുടെ താത്പര്യത്തിന് പരിക്കേൽക്കുന്ന നടപടികൾ ഉണ്ടാകരുത്

4. പാർട്ടി നേതാക്കൾക്ക് ആത്മനിയന്ത്രണം വേണം

കേരളത്തിൽ പുനഃസംഘടന വേണം

പാർട്ടിയുടെ അടിത്തട്ടിലെ പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഖാർഗെ നിർദ്ദേശിച്ചു. കേരളത്തിലടക്കം പുനഃസംഘടന ഇഴയുമ്പോഴാണിത്. ഇന്നലെ കേരള നേതാക്കൾ പ്രത്യേക യോഗം ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News