May 22, 2025 10:29 am

തരൂരും മോദിയും പിന്നെ ദേശീയ പാതയും

ക്ഷത്രിയൻ,

രാഷ്ട്രമുണ്ടായാലാണോ രാഷ്ട്രീയമുണ്ടാവുക, രാഷ്ട്രീയമുണ്ടായാലാണോ രാഷ്ട്രമുണ്ടാവുക എന്ന ഘഡാഘഡികൻ വിഷയത്തിന് നല്ല വിപണിമൂല്യമായിട്ടുണ്ടിപ്പോൾ.

അണ്ടിയിൽ നിന്ന് മാങ്ങയാണോ മാങ്ങയിൽ നിന്ന് അണ്ടിയാണോ ആദ്യമുണ്ടായത്, കോഴിയാണോ കോഴിമുട്ടയാണോ ആദ്യമെന്നൊക്കെയുള്ള കിടിലോൽകിടിലൻ സംശയങ്ങൾക്ക് ശേഷം അത്രയും മൂല്യമുള്ള സംശയം ഇന്ത്യയിൽതന്നെ ഇതാദ്യമായാണ്.

പഹൽഗാമിലെ ഭീകരാക്രമണവും പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനിക നടപടികളും സംബന്ധിച്ച് ഇത്രയും കൂലങ്കുഷമായ ചർച്ചയുണ്ടായിട്ടില്ല. അതിനെക്കാൾ കേമമായാണിപ്പോൾ രാഷ്ട്ര-രാഷ്ട്രീയ ചർച്ച പൊടിപൊടിക്കുന്നത്.

രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മജിയുൾപ്പെടെയുള്ളവർ പടുത്തുയർത്തിയ പാർട്ടിയിലാണ് സംവാദം കൊഴുക്കുന്നത്.

കോൺഗ്രസ് എന്ന രാഷ്ട്രീയപ്പാർട്ടിയാണോ ഇന്ത്യ എന്ന രാഷ്ട്രമാണോ ആദ്യമുണ്ടായതെന്ന സംശയമൊന്നും അക്കാലത്ത് ആർക്കുമുണ്ടായതായി കേട്ടുകേൾവി പോലുമില്ല. ദേശീയതയുടെ മൂർത്തീമദ്ഭാവമായ ഗാന്ധിജിക്കോ രാഷ്ട്രതന്ത്രജ്ഞതയുടെ ആൾരൂപമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനോ അങ്ങനെയോരു സംശയം ഇല്ലാഞ്ഞിട്ടാണോ അതോ സമരതീഷ്ണതയുടെ തിരക്കിനിടയിൽ ഉന്നയിക്കാൻ മറന്നതാണോ എന്നും വ്യക്തമല്ല.

 

ഏതായാലും ലോകരാജ്യങ്ങളിൽ ഇന്ത്യൻ ദേശീയതയുടെയും മഹത്വവും ഇന്ത്യാ ഗവണ്മെൻറിൻ്റെ നിലപാടുകളും വിവരിക്കാൻ നിയമിക്കപ്പെട്ട സംഘത്തിൽ ശശി തരൂർ എന്ന കോൺഗ്രസുകാരൻ ഉൾപ്പെട്ടതോടെയാണ് രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള പോര് കടുത്തിട്ടുള്ളത്.

പഞ്ചാബിലെ നെൽവയലുകളിൽ പണിയെടുക്കുന്ന കർഷകർക്കിടയിലോ സൂറത്തിലെ തുണിമില്ലുകളിലെ നെയ്ത്തുകാർക്കിടയിലോ കന്യാകുമാരിയിലെ കടലിൽ വലയെറിയാൻ പോകുന്നവർക്കിടയിലോ എന്തിനേറെ മണിപ്പൂരിലെ മെയ്തികൾക്കിടയിലോ കുക്കികൾക്കിടയിലോ പോലും അങ്ങനെയൊരു പോരിൻ്റെ ലാഞ്ചന പോലുമില്ല. പോര് മൂക്കുന്നത് ഗാന്ധിപ്പാർട്ടിക്കാർക്കിടയിൽ മാത്രമാണ്.

വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള സംഘത്തിൽ ശശി തരൂരിനെ അംഗം മാത്രമല്ല, ഒരു സംഘത്തിൻ്റെ നേതാവ് കൂടിയാക്കി കാവിഭരണകൂടം.

ശാത്താൻ തേൻതൊട്ടത് പോലെയെന്നൊരു ചൊല്ലുണ്ട്. നാട്ടിൽ കുഴപ്പം വിതക്കാനുള്ള ആലോചനയുമായി തല പുകയ്ച്ച ശാത്താൻ അൽപം തേനെടുത്ത് ചുമരിൽ പതിച്ചു. തേൻ നുകരാൻ ഉറുമ്പുകളും ഉറുമ്പിനെ തിന്നാൻ പല്ലികളും പല്ലിയെ തിന്നാൻ എലികളുമെത്തി. എലിയെ പിടികൂടാൻ അയൽവീട്ടിലെ പൂച്ചകളുമെത്തിയതോടെ ഇരുവീട്ടുകാർ തമ്മിൽ കലഹമായി. അയൽവാസികൾ തമ്മിലെ കലഹം നാട്ടുകാർ ഏറ്റെടുത്തു.നാടുമൊത്തം കലാപമായി. അകലെയിരുന്ന് ശാത്താൻ അതൊക്കെ കണ്ടു രസിച്ചുവെന്നാണ് കഥ.

പഹൽഗാമും തുടർനടപടികളുമൊക്കെ സജീവ ചർച്ചയായിരിക്കെ കേന്ദ്രം പ്രയോഗിച്ച മാർഗമാണ് വിദേശത്തേക്ക് സംഘത്തെ അയക്കൽ. അതിൽ ശശി തരൂരിനെ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചതും കേന്ദ്രം അഥവാ ബിജെപി. ചുമരിൽ തേൻ തൊടുമ്പോൽ ശാത്താനും, തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തുമ്പോൾ മോദിയും ലക്ഷ്യമിട്ടത് സമാസമമെന്ന് കരുതുന്നതാകും ബുദ്ധി.

നാട്ടിൽ കലാപമാണ് ശാത്താൻ കൊതിച്ചതെങ്കിൽ കോൺഗ്രസിൽ കലാപം മോദിയും ആശിച്ചു. മോദിയുടെ മോഹം പൂവണിയുന്ന വിധമായി കോൺഗ്രസിലെ കാര്യങ്ങൾ. പാർട്ടിയോട് ആലോചിക്കാതെ തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ ബിജെപിയോട് കോൺഗ്രസിന് പരിഭവം. പാർട്ടിയോട് ചോദിക്കാതെ തരൂർ സംഘത്തിൽ ചേർന്നതിൽ തരൂരിനോട് പാർട്ടിക്ക് വിയോജിപ്പ്.

ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗം, ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി, പാർലമെൻറിലെ വിദേശകാര്യസമിതി  അധ്യക്ഷൻ തുടങ്ങിയ കീർത്തിയുള്ള തരൂരിൻ്റെ പേര് കോൺഗ്രസ് നിർദേശിക്കേണ്ടതായിരുന്നില്ലേയെന്ന് സംശയിക്കുന്നവർ ഒരുവശത്ത്. ഏത് ദൗത്യവും എത്രവിലപിടിച്ച താലത്തിൽവച്ചുതന്നാലും സ്വീകരിക്കുന്നതിന് മുൻപ് പാർട്ടിയോട് ആലോചിക്കാനുള്ള സാമാന്യമര്യാദ തരൂർ കാണിക്കേണ്ടിയിരുന്നില്ലേയെന്ന ന്യായം മറുവശത്ത്. തരൂരാണോ പാർട്ടിയാണോ വലുതെന്ന് പാവം സണ്ണി ജോസഫിന് പോലും വ്യക്തമില്ലാത്ത അവസ്ഥയിലാണ് രാഷ്ട്രമാണോ രാഷ്ട്രീയമാണോ പ്രധാനമെന്ന ചോദ്യം ഉയർന്നിട്ടുള്ളത്.

തരൂർ തരൂരിൻ്റേതെന്നും, കോൺഗ്രസ് കോൺഗ്രസിൻ്റേതെന്നും,  പറയുന്ന നിലപാടിനെക്കുറിച്ചുള്ള വാദവും പ്രതിവാദവും ഉയർന്നുവരുന്നതിനിടെയാണ് കേരളത്തിലെ ദേശീയപാതയിൽ അഗാധ ഗർത്തങ്ങളും മണ്ണിടിച്ചിലുമൊക്കെ പിടിമുറുക്കിയിട്ടുള്ളത്. ദേശീയ പാതയിൽ തലപ്പാടി മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്തിൻ്റെ പിതൃത്വത്തെച്ചൊല്ലി കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും തമ്മിലുള്ള അവകാശവാദത്തിൽ അന്തംവിട്ടന്താളിച്ചിരിക്കുകയായിരുന്നു മലയാളികൾ.

മുഖ്യനും മരുമകൻ മന്ത്രിയും തൊട്ട് അണ്ടിമുക്ക് ബ്രാഞ്ച് സഖാക്കൾ വരെ പ്രതിപക്ഷത്തോട് ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ചോദ്യം നിങ്ങൾ ദേശീയ പാത കാണുന്നില്ലേയെന്നായിരുന്നു. മഴയൊന്ന് കനത്തപ്പോഴേക്കും ദേശീയ പാത പലയിടത്തും പാതാളമായതോടെ ചോദ്യം ചോദിക്കലിൽനിന്നും സഖാക്കൾ പിന്മാറിയതായി തോന്നുന്നു.

ദേശീയപാതയുടെ പിതൃത്വം അവർ കേന്ദ്രത്തിന് നൽകിയതായുമാണ് സൂചന. കാവിപ്പാർട്ടിക്കാരാകട്ടെ അതങ്ങ് പൂർണമായി അംഗീകരിക്കുന്നുമില്ല. ചുരുക്കത്തിൽ ഇക്കാലമത്രയും രണ്ട് തന്തമാരുണ്ടായിരുന്ന ദേശീയ പാത മൂന്ന് ദിവസമായി ഒറ്റത്തന്തപോലും ഇല്ലാത്ത അവസ്ഥയിലായി. കലികാലമെന്നല്ലാതെ എന്ത് പറയാൻ !!

One Response

  1. കെ റെയിൽ കൂടി വരുകയേവേണ്ടു തന്തമാർ ഇല്ലാതെ കൊച്ചുങ്ങൾ അനാഥരാകുന്നത് കാണാൻ!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News