ന്യൂഡൽഹി: ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി റോബർട്ട് വദ്ര ഉൾപ്പെടെയുള്ളവർക്ക് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു.
എ ഐ സി സി ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അദ്ദേഹം. അമ്പത്തിയാറുകാരനായ റോബർട്ട് വദ്രയ്ക്കെതിരെ ഒരു അന്വേഷണ ഏജൻസി, ക്രിമിനൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇതാദ്യമാണ്.
2008-ൽ റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഹരിയാന ഗുരുഗ്രാമിലെ ഷിക്കോപൂർ ഗ്രാമത്തിൽ ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് ഏകദേശം 3.5 ഏക്കർ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങി.
അന്നത്തെ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഈ ഭൂമിയിൽ ഭവന പദ്ധതി വികസിപ്പിക്കാൻ അനുമതി നൽകി. ഈ അനുമതി ഭൂമിയുടെ മൂല്യം കുത്തനെ വർദ്ധിപ്പിച്ചു.
2012 സെപ്റ്റംബറിൽ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഈ ഭൂമി പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് വിറ്റു. ഈ ഇടപാടിൽ വദ്രയ്ക്ക് വൻ ലാഭം ലഭിച്ചു എന്നാണ് ആരോപണം.
2012 ഒക്ടോബറിൽ ഐ.എ.എസ്. ഓഫീസറായ അശോക് ഖേംക ഈ ഇടപാടിലെ ക്രമക്കേടുകൾ കണ്ടെത്തുകയും, ഇടപാട് റദ്ദാക്കുകയും ചെയ്തു. സംസ്ഥാന ഭൂമി ഏകീകരണ നിയമങ്ങളുടെ ലംഘനമാണ് ഇടപാട് എന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു.
ഈ വരുമാനം കള്ളപ്പണം വെളുപ്പിക്കലിൻ്റെ ഭാഗമാണെന്ന് സംശയിച്ചതിനെ തുടർന്നാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ റോബർട്ട് വദ്രയെ ഇ.ഡി. പലതവണ ചോദ്യം ചെയ്തിരുന്നു. ഏപ്രിലിൽ തുടർച്ചയായ മൂന്ന് ദിവസവും അദ്ദേഹത്തെ ചോദ്യം ചെയ്തു.
തനിക്കെതിരായ ഈ നടപടികൾ “രാഷ്ട്രീയ പകപോക്കൽ” ആണെന്നും, അന്വേഷണ ഏജൻസികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്നും വദ്ര ആരോപിക്കുന്നു. തനിക്കെതിരായ രേഖകൾ ഇ.ഡി.കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കർഷകരിൽ നിന്ന് ഭൂമി തട്ടിയെടുത്താണ് കോൺഗ്രസ് റോബർട്ട് വദ്രയ്ക്ക് ഭൂമി നൽകിയതെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. എന്നാൽ വദ്രയ്ക്ക് കോൺഗ്രസ് ഒരു ഇഞ്ച് ഭൂമി പോലും നൽകിയിട്ടില്ലെന്നും, തെളിയിക്കാൻ ബി.ജെ.പി.യെ വെല്ലുവിളിക്കുകയാണെന്നും ആയിരുന്നു ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രതികരണം.
ഹരിയാനയിലെ ഭൂമി ഇടപാട് കേസിനു പുറമെ മറ്റ് രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ഇ.ഡി. റോബർട്ട് വദ്രയുടെ നടപടികൾ അന്വേഷിക്കുന്നുണ്ട് രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടുകളാണ് ഒരു കേസിന് ആധാരം.
ബ്രിട്ടൻ ആസ്ഥാനമായുള്ള ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ് വെറൊന്ന്. ലണ്ടനിലെ ഒരു കെട്ടിടം സഞ്ജയ് ഭണ്ഡാരി വദ്രയുടെ നിർദ്ദേശപ്രകാരം വാങ്ങി പുതുക്കിപ്പണിതു എന്നും, ഇതിനുള്ള പണം വദ്ര നൽകി എന്നും ഇ.ഡി. ആരോപിക്കുന്നു. എന്നാൽ തനിക്ക് ഈ ഇടപാടിൽ നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്ന് വദ്ര വാദിക്കുന്നു.