ക്ഷത്രിയൻ.
കാരണഭൂതൻ്റെ ചിത്രമുള്ള ഫ്ലക്സ് നശിപ്പിച്ചതിന് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് കോൺഗ്രസുകാരൻ്റെ വീട്ടുവളപ്പിലെ ഗാന്ധിസ്തൂപം തകർത്തതിന് അറസ്റ്റുമില്ല, കസ്റ്റഡിയുമില്ല. ഇതെന്ത് നീതിയെന്നാണ് ഗാന്ധിപ്പാർട്ടിക്കാർ ചോദിക്കുന്നത്.
ന്യൂജെൻ യുഗത്തിലും ഗാന്ധിപ്പാർട്ടിക്കാർ ഇത്രയും പാവങ്ങളായിപ്പോയല്ലോ എന്നതാണ് സങ്കടം. ഗാന്ധിയും കാരണഭൂതനും തമ്മിലുള്ള അന്തരം അറിയാത്തതാണ് ഗാന്ധിപ്പാർട്ടിക്കാരുടെ സന്ദേഹത്തിന് കാരണം.
കയ്യിൽ ഒരു ഊന്നുവടിയുണ്ടെന്നതൊഴിച്ചാൽ നേരാംവണ്ണം വസ്ത്രം പോലും ധരിക്കാത്ത ഫഖീർ ആണ് ഗാന്ധിജി. ഗാന്ധിജിയെ വീഴ്ത്താൻ ഫയൽവാൻ ധാരാസിങ്ങൊന്നും വേണമെന്നില്ല.
അരകിലോമീറ്റർ അകലെനിന്നും ആഞ്ഞുപിടിച്ചൊന്ന് ഊതിയാൽ മഹാത്മാവ് താഴെവീഴും. അത്രയും ദുർബലമാണ് ഗാന്ധിയുടെ ശരീരം. ചുറ്റുമാണെങ്കിൽ പോലീസ് പോയിട്ട് എൻ സി സിക്കാരുടെപോലും വലയം ഇല്ല. കാരണഭൂതൻ്റെ അവസ്ഥയൊന്ന് നോക്കിയേ.ഘഡാഘഡികന്മാരായ അകമ്പടിക്കാർ.
അവരുടെ കയ്യിൽ റൈഫിൾ കൂടാതെ അഞ്ചഞ്ചര മീറ്റർ ദൂരെയുള്ളവരെ കൈകാര്യം ചെയ്യാൻ പാകത്തിലുള്ള ദണ്ഡ്. പോരെങ്കിൽ ഹെൽമെറ്റും പൂച്ചട്ടികളും കൊണ്ട് രക്ഷാപ്രവർത്തനം നടത്താനുള്ള വൈദഗ്ധ്യം.
രണ്ട് ഡസനിലേറെ വാഹനങ്ങൾ. അവർക്കിടയിൽ ഇരട്ടച്ചങ്കുള്ള കാരണഭൂതൻ. കക്ഷിയാണെങ്കിൽ കൈകൾകൊണ്ടുള്ള പ്രത്യേക ‘ഏക്ഷൻ’വഴി എതിരാളികളെ കുണ്ടംവഴി ഓടിക്കുന്ന വിദഗ്ധൻ. ഗാന്ധിപ്പാർട്ടിക്കാർ ഇനി ശാന്തമായി ചിന്തിക്കുക.
ഊതിയാൽ താഴെവീഴുന്ന ഗാന്ധിജിയെ വീഴ്ത്തുന്നതിൽ എന്ത് റിസ്കാണുള്ളത്.അതേസമയം സകലമാന സുരക്ഷാവലയത്തിനുമിടയിൽ കഴിയുന്ന കാരണഭൂതനെ വീഴ്ത്തണമെങ്കിൽ ചുരുങ്ങിയ റിസ്ക്കൊന്നും പോരാ. അത്രയും റിസ്കെടുത്തയാൾ തീർച്ചയായും ‘ഭീകരൻ’ തന്നെയായിരിക്കും.
ഒരു റിസ്കുമില്ലാതെ ഗാന്ധിജിയെ വീഴ്ത്തുന്നതും അതിസാഹസികമായി കാരണഭൂതനെ വീഴ്ത്തുന്നതും ഒരുപോലെയാണോ. ഒരു റിസ്കുമില്ലാത്ത പണിചെയ്തതിന് സഖാക്കളെ അറസ്റ്റ് ചെയ്താൽ അതിൽപ്പരം നാണക്കേട് കേരള പൊലീസിന് വന്നുഭവിക്കാനില്ലെന്ന് പൊലീസിന് നന്നായിട്ടറിയാം.
അതിസാഹസികവൃത്തി ചെയ്തയാളെ അറസ്റ്റ് ചെയ്തില്ലെങ്കിലുള്ള നാണക്കേടും പൊലീസിനറിയാം. രണ്ട് നാണക്കേടുകളും ഒഴിവാക്കാനുള്ള അതിബുദ്ധിയാണ് പൊലീസ് കാണിച്ചതെന്ന് സമാധാനിച്ചാൽ മതി. കണ്ണൂരിലെ കലക്ടറേറ്റ് പടിക്കലാണ് കാരണഭൂതൻ ഫ്ലക്സിൽ കയറിയിരുന്നത്.
സ്വാഭാവികമായും അത് പൊതുസ്ഥലമായിരിക്കും. പൊതുസ്ഥലത്തെന്നല്ല, എവിടേയും ഫ്ലക്സ് സ്ഥാപിക്കാൻ പാടുണ്ടോയെന്നൊന്നും ചോദിക്കരുത്. കോടതി ചിലപ്പോൾ അങ്ങനെയൊക്കെ ചോദിച്ചെന്നിരിക്കും. കോടതി ചോദിക്കുന്നതിനൊക്കെ മറുപടി നൽകാൻ പാർട്ടിക്കെവിടെ സമയം. ഇത്തരം കൊസ്രാക്കൊള്ളി നിരീക്ഷണങ്ങൾ നടത്തുന്നതിനാലാണ് കോടതികളെ പാർട്ടി പണ്ടേക്കുംപണ്ടേ ബൂർഷ്വാ കോടതികളെന്ന് ചാപ്പകുത്തിയത്.
നിരോധിത വസ്തുവായ ഫ്ലക്സിൽ കാരണഭൂതൻ്റെ ചിത്രവും പതിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ചവരെയാണോ നിയമവിധേയമല്ലാത്ത ഫ്ലക്സ് നശിപ്പിച്ചവർക്കെതിരെയാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് ആരും ചോദിച്ചുപോകരുത്. ഇത് കണ്ണൂരാണ്, അങ്ങനെയൊക്കെയേ നടക്കൂ.
പിന്നെ ഗാന്ധിസ്തൂപം. മലപ്പട്ടമെന്ന ഗ്രാമത്തിലെ അതിലും കുഗ്രാമമായ ഒരിടത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലാണ് കോൺഗ്രസുകാർ ഗാന്ധിസ്തൂപം സ്ഥാപിച്ചത്. ഗാന്ധിയോടുള്ള അവഹേളനമാണ് അതെന്ന് സഖാക്കൾക്ക് തോന്നിക്കാണണം.
മഹാത്മാഗാന്ധി ഒരു കുഗ്രാമത്തിലെ വീട്ടുവളപ്പിൽ വസിക്കുന്നത് കണ്ട് നെഞ്ച് പൊട്ടിയാണ് ഇരട്ടച്ചങ്കൻ്റെ അനുയായികൾ തൂമ്പയുമായി ചെന്ന് സ്തൂപം തകർത്തതെങ്കിലോ!
അല്ലെങ്കിൽതന്നെ മഹാത്മജിയോട് മത്സരിക്കാനുള്ള തത്രപ്പാടിലാണ് സഖാക്കൾ. ഗാന്ധിജിയെക്കുറിച്ച് സിനിമ തന്നെയുള്ള സ്ഥിതിക്ക് കാരണഭൂതനെക്കുറിച്ചും ഡോക്യുമെൻററി നിർമിക്കുകയെന്ന അതിതീവ്ര നിലപാട് വരെ പാർട്ടി കൈക്കൊണ്ടിട്ടുണ്ട്.
വിഖ്യാത ഇംഗ്ലീഷ് സിനിമാപ്രവർത്തകൻ റിച്ചാർഡ് ആറ്റൻബെറോ മരിച്ചുപോയത് വലിയ നഷ്ടമായിപ്പോയി. ഗാന്ധിജിയെക്കുറിച്ചുള്ള സിനിമയിലൂടെ ഓസ്കർ നേടിയ കക്ഷി ജീവിച്ചിരിപ്പുണ്ടെങ്കിൽ കേരളത്തിലെത്തിച്ച് കാരണഭൂതനെക്കുറിച്ച് മുഴുനീള സിനിമതന്നെ ഒരുക്കാമായിരുന്നു.
ലേണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിനെക്കാൾ എളുപ്പവുമായിരുന്നു ആറ്റൻബെറോയെ കൊണ്ടുവരുന്നത്. കാരണഭൂതൻ സിനിമയായാൽ മലയാളത്തിന് ഓസ്കറും ലഭിച്ചേനെ.