ക്ഷത്രിയൻ.
ഇ.പി.ജയരാജനണ്ണൻ ഒരു സംഭവം തന്നെ. ഗാന്ധിജിയെക്കുറിച്ച് ഡോക്യുമെൻററി ആകാമെങ്കിൽ പിണറായിയെക്കുറിച്ച് എന്തുകൊണ്ട് ആയിക്കൂടാ എന്നത് ഒന്നൊന്നര ചോദ്യമായിപ്പോയി.
അല്ലങ്കിലും എന്തുകാര്യമുണ്ടായാലും ഗാന്ധിജിയുമായി തുലനം ചെയ്യുക എന്നത് സഖാക്കൾക്ക് ഹരമുള്ള കാര്യമാണ്. അത് ജയരാജനണ്ണനിൽ നിന്ന് തുടങ്ങിയതല്ല. സാക്ഷാൽ ആചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ഗാന്ധിജിയെ കൂട്ടുപിടിച്ച് കളം നിറയാൻ ശ്രമിച്ചിട്ടുണ്ട്. ഇബ്രാഹിം സുലൈമാൻ സേട്ടിനേയും അബ്ദുന്നാസർ മഅ്ദനിയെയും ഗാന്ധിജിയോട് ഉപമിച്ചുകൊണ്ടായിരുന്നു അത്.
അർദ്ധവസ്ത്രധാരിയായ ഗാന്ധിജിയും ഫുൾഡ്രസും പിന്നെയൊരു തൊപ്പിയുമണിയുന്ന സേട്ടും മഅ്ദനിയുമെങ്ങനെ ഒരുപോലെയാകുമെന്ന് അന്നുതൊട്ടിന്നുവരെ ആലോചിച്ചിട്ടും ഭൂമിമലയാളത്തിൽ ആർക്കും ഉത്തരം ലഭിച്ചിട്ടുമില്ല.
പിണറായിയേയും ഗാന്ധിജിയേയും ബന്ധിപ്പിക്കുന്നതിൽ ചില്ലറ ലോജിക്ക് ഇല്ലാതില്ല.
ഗാന്ധിജിയുടെ കയ്യിൽ ഒരു ഊന്നുവടിയുണ്ടായിരുന്നു. പിണറായിയുടെ കൈവശമില്ലെങ്കിലും ഒപ്പം നടക്കുന്നവരുടെ കൈവശം സാമാന്യം നീളമുള്ള വടിയുണ്ട്. ഭാരം താങ്ങാനാകാത്തതിനാൽ കാരണഭൂതൻ കൈവശം വെക്കാറില്ലെന്ന് മാത്രം.
പകരം അകമ്പടിക്കാരാണ് വടിയുടെ അവകാശികൾ. തൻ്റെ കൈവശമുള്ള വടി കാക്കയെ ആട്ടിപ്പായിക്കാൻ പോലും ഗാന്ധിജി ഉപയോഗിച്ചിട്ടില്ല. അംഗരക്ഷകരുടെ കൈവശമുള്ള വടി രക്ഷാപ്രവർത്തനത്തിന് പ്രയോജനപ്പെടുത്തിയ അനുഭവമുണ്ട് കാരണഭൂതന്.
പാല് കുടിക്കാൻ സ്വന്തമായി ആടിനെ വളർത്തിയ കൂട്ടത്തിലായിരുന്നു മഹാത്മാ ഗാന്ധി. വട്ടമേശ സമ്മേളനത്തിനായി ബിലാത്തിയിലേക്ക് പോകുമ്പോഴും ആടിനെ കൂടെക്കൊണ്ടുപോയിട്ടുണ്ടത്രെ അദ്ദേഹം. ആടിനെ വളർത്തുന്നില്ലെങ്കിലും നല്ല ഒന്നാംതരം പശുവിനെ വളർത്തുന്ന ശീലം കാരണഭൂതനുണ്ട്.
ആരാൻ്റെ പറമ്പിലെ പുല്ല് തിന്നുവളരട്ടെയെന്ന കാഴ്ചപ്പാടിൽ അലഞ്ഞുനടക്കാനൊന്നും അധികാരമില്ലാത്തവയാണ് ആ പശുക്കളെല്ലാം. റോക്ക് ആൻഡ് റോളിൻ്റെ രാജാവായ എൽവിസ് പ്രെസ്ലി, മൈക്കിൾ ജാക്സൺ തുടങ്ങി എ.ആർ.റഹ്മാൻ, രമേശ് നാരായണൻ തുടങ്ങിയവരുടെ സംഗീതം ആസ്വദിച്ച് അത്യന്താധുനിക ആലയിൽ കഴിയുന്ന മഹതികളാണ് ക്ലിഫ് ഹൗസിലെ പശുക്കളെന്ന് പറയാം.
‘ആവൂ വിശപ്പില്ലേ കാച്ചിയ പാലിതാ
തുവെള്ളിക്കിണ്ണത്തിൽത്തേൻ കുഴമ്പും
നല്ല പഴങ്ങളുമാവോളം ഭക്ഷിച്ചു
വല്ലതും മുൻ മട്ടിൽ സംസാരിപ്പിൻ’
എന്ന വള്ളത്തോളിൻ്റെ കിളിക്കൊഞ്ചൽ കവിത തന്നെ ക്ലിഫ് ഹൗസിലെ പശുവിൻ പാലിനെ ഉദ്ദേശിച്ചുള്ളതാണത്രെ.
പാല് കുടിക്കാൻ സ്വന്തമായി ആടിനെ വളർത്തിയ ഗാന്ധിജിയും പശുക്കളെ വളർത്തുന്ന പിണറായിയും സാമ്യമുള്ളവർ തന്നെയല്ലേ ഒരർഥത്തിൽ. ആ തോന്നലാകാം പിണറായിയെ ഗാന്ധിജിയോട് തുലനം ചെയ്യാൻ ജയരാജനണ്ണനെ പ്രേരിപ്പിച്ചതെന്നും വിശ്വസിക്കാം.
ജയരാജണ്ണൻ, ഗാന്ധിജിയിലും പിണറായിയിലും ഗവേഷണം നടത്തുമ്പോഴാണ് എം.എ. ബേബി സഖാവ്, ഡോണൾഡ് ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലോകത്തിൻ്റെ പ്രസിഡൻറാണ് താനെന്നാണ് ട്രംപിൻ്റെ വിചാരമെന്നാണ് കുണ്ടറ കാസ്ട്രോ പറയുന്നത്.
അത്രയും പറഞ്ഞ് അവസാനിപ്പിച്ചിരുന്നുവെങ്കിൽ സാരമില്ലായിരുന്നു. എന്ത് നിലപാട് സ്വീകരിക്കണമെന്ന് അടുത്ത യോഗത്തിൽ പാർട്ടി തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തിട്ടുള്ളതിനാൽ ട്രംപിന് ഇനി ഉറക്കമില്ലാരാത്രികളാണെന്നത് ഉറപ്പ്.
ലോകത്തിൻ്റെ പ്രസിഡണ്ട് എന്ന ധാരണയിൽനിന്നും ട്രംപ് അമേരിക്കയുടെ പോലും പ്രസിഡണ്ട് പോലും അല്ലാതായേക്കുമോ എന്ന് സംശയിച്ചാൽ തെറ്റില്ല. അത്രയും ശക്തമായാണ് കുണ്ടറ കാസ്ട്രോ പ്രതികരിച്ചിട്ടുള്ളത്.
ക്യൂബ വാണ സാക്ഷാൽ കാസ്ട്രോ പോലും ഇത്ര ശക്തമായ മുന്നറിയിപ്പ് അമേരിക്കയ്ക്ക് നൽകിയിരുന്നില്ല. ഇതിപ്പോൾ ആദ്യമായാണ് ലോകത്തിൻ്റെ ഇങ്ങേ മൂലയിൽ നിന്നൊരു മുന്നറിയിപ്പ് ട്രംപ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയുകയേ നിർവാഹമുള്ളൂ.
ബേബി സഖാവിൻ്റെ ഭീഷണിയിൽ വിറച്ച ട്രംപ് പി.കുഞ്ഞിരാമൻ നായരുടെ കവിത നീട്ടിച്ചൊല്ലുകയാണത്രെ.
ലോകരഹസ്യനിധി തെളിയിക്കും
മൂകനാമേകാന്ത ശോക സുഹൃത്തേ
തോരാത്ത പേമാരിയേറ്റു ചിങ്ങത്തിൻ
തേരു ചളിക്കുണ്ടിലാണ്ടൊരീ രാവിൽ
ഓർക്കാത്ത ചിന്താ ഘനപടലത്താൽ
ഓണനിലാവിളി മങ്ങുമീ രാവിൽ
പൂത്തൊരു കൈത മലരിൻ സുഗന്ധം
ആറ്റിൻ കരയിലലയുമീ രാവിൽ
ചിക്കെന്നു വന്നു പുണരുക ഗാഢം
ചുക്കിച്ചുളിഞ്ഞ കരങ്ങളാലെന്നെ.