ക്ഷത്രിയൻ.
ലഹരിയെന്നാൽ വല്ലാത്ത ലഹരി തന്നെയാണ്. ലഹരിയടിച്ചവനേയും അടിക്കാത്തവനേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
കൊച്ചിയിലെ ഹോട്ടൽ മുറിയുടെ വാതിലിൽ മുട്ടുകേട്ട മാത്രയിൽ ജനാലയിലൂടെ ചാടി നീന്തൽകുളത്തിൽ മുങ്ങി അതുവഴിവന്ന വാഹനത്തിൽ രക്ഷപ്പെട്ട സിനിമാനടൻ്റെ വിവരണം തന്നെ കേൾക്കൂ. പിടിക്കാൻ പോയ പൊലീസാണോ പിടികൊടുക്കാതെ ഓടിയ നടനാണോ അതോ അതൊക്കെ വായിച്ചറിഞ്ഞ ജനമാണോ ലഹരിക്കടിമകളെന്ന് തിട്ടപ്പെടുത്താൻ പ്രയാസമാണ്.
വാതിലിലെ തട്ടുകേട്ടപ്പോൾ ഗുണ്ടകളാണെന്ന് ധരിച്ചുപോയത്രെ പാവം നടൻ. ഡ്യൂപ്പില്ലാതെ ഗുണ്ടകളെ കണ്ടിട്ടില്ലാത്തതിനാലാകാം വാതിൽപ്പുറത്ത് ഗുണ്ടകളാണെന്ന് കക്ഷി ആദ്യമേയങ്ങ് ഉറപ്പിച്ചത്. തന്നെ കൈകാര്യം ചെയ്യാൻ ഏത് സമയത്തും ഗുണ്ടകൾ എത്താമെന്നത് ഏതൊരു ഗുണ്ടയ്ക്കും ഉണ്ടാകാവുന്ന മനോഗതിയാണ്.
അതിന് ലഹരിവസ്തുക്കൾ കഴിക്കണമെന്നൊന്നുമില്ല. അങ്ങനെ പേടിച്ചിരിക്കുന്നവരും സ്വയം പ്രഖ്യാപിത ഗുണ്ടയായിരിക്കുമെന്ന മറുവശവുമുണ്ട്. ആ അർഥത്തിൽ താനുമൊരു ഗുണ്ടയാണെന്ന വെളിപ്പെടുത്തലാണ് നടൻ നടത്തിയിട്ടുള്ളത്.
ലഹരി അകത്ത് കടന്നാലുള്ള മാനസികാവസ്ഥയിൽ എന്തൊക്കെ ധാരണകളാണ് മനസിൽ തെളിയുക എന്ന് പറഞ്ഞറിയിക്കാൻ ഒരു മനഃശാസ്ത്രജ്ഞനും കഴിയില്ല. ഈർക്കിൽ പാമ്പായും തോട് കടലായുമൊക്കെ മനസിൽ തെളിഞ്ഞെന്ന് വരും. ഇന്ദ്രൻസിനെ കണ്ടാൽ പഴയ ഭീമൻ രഘുവാണെന്നൊക്കെ തോന്നുന്ന മഹോന്നത അവസ്ഥയാകും ലഹരി അകത്ത് കടന്നാൽ.
ഹോട്ടൽ മുറിയിൽ നിന്ന് ജനാല വഴി ചാടി രക്ഷപ്പെട്ട നടനെ ആദരിക്കാനാണ് സർക്കാർ തയാറാകേണ്ടത്. അഭിനയത്തിൽ മാത്രമല്ല, വേണ്ടിവന്നാൽ കായിക മേഖലയിലും കൈവക്കാനുള്ള കരുത്താണ് ഒറ്റരാത്രിയിൽ നടൻ തെളിയിച്ചത്. ബഹുനിലക്കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് ചാടുക എന്നത് ചെറിയ കാര്യമല്ല.
സിനിമയിലായിരുന്നെങ്കിൽ ഏതെങ്കിലും ഡ്യൂപ്പിനെ വച്ച് ചെയ്യിക്കുന്ന രംഗമാണ് നടൻ ഈസിയായി അവതരിപ്പിച്ചത്. അതും പോരാഞ്ഞിട്ട് നേരെ നീന്തൽക്കുളത്തിലേക്കും എടുത്തുചാടി. ഒരു പരിശീലനവും ഇല്ലാതെ ഞൊടിയിടയിൽ ജനാലയിലൂടെ ചാടുക, നിമിഷങ്ങൾക്കകം നീന്തൽക്കുളത്തിലേക്ക് ഊളിയിടുക.
അതൊക്കെ സാധിക്കണമെങ്കിൽ ചുരുങ്ങിയ പക്ഷം സ്പൈഡർമാൻ്റെ അയൽ വാസിയെങ്കിലും ആയിരിക്കണം. ലോക കായിക രംഗത്തായിരുന്നെങ്കിൽ സ്വർണം ഉറപ്പാണ് ഈ ചാട്ടത്തിനൊക്കെ.
വെള്ളത്തിൽ മുങ്ങിയ വസ്ത്രവുമായി റോഡിലിറങ്ങിയ നടന് ലിഫ്റ്റ് നൽകാൻ ആളെത്തി എന്നതും കാണാതിരുന്നുകൂടാ.
മഴയില്ലാത്ത നേരത്തും നനഞ്ഞൊട്ടിനിൽക്കുന്നയാളോട് എന്തുപറ്റിയെന്ന് ചോദിക്കാൻ പോലും മെനക്കെടാത്ത വണ്ടിക്കാരനത്രെ ഭൂമിമലയാളത്തിൽ ഏറ്റവും സഹാനുഭൂതിയുള്ളവൻ. ലഹരിയുടെ ലഹരിയിലാണെങ്കിൽ നനഞ്ഞൊട്ടിയ നിലയിൽ മാത്രമല്ല അടിവസ്ത്രം പോലുമില്ലാതെയും റോഡിൽ വാഹനത്തിന് കൈനീട്ടിയെന്നിരിക്കും.
ഇവിടെ വസ്ത്രഭൂഷിതനായിരുന്നുവെന്നത് കക്ഷി ലഹരി ഉപയോഗിച്ചിട്ടില്ല എന്നതിന് തെളിവായി പ്രതിഭാഗം വക്കീലിന് വാദിക്കാവുന്നതുമാണ്. ഭ്രാന്ത് എല്ലാവർക്കും ഒരേ പോലെയായിരിക്കില്ല. അത് പലർക്കും പല രൂപത്തികാലും. ലഹരിയുടെ കാര്യവും അങ്ങനെതന്നെയാണ്. ലഹരിക്ക് അടിമപ്പെടുകയെന്നാൽ ഒരേപോലെ ആകണമെന്നില്ല.
ലഹരിയും ഒരേപോലെ അല്ല. കഞ്ചാവും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമൊക്കെ ലഹരിനൽകുന്ന വസ്തുക്കൾ തന്നെ. അതൊന്നും അല്ലാതെയും ആളുകൾ ലഹരിയിൽ മതിമറക്കുന്ന അവസ്ഥയുണ്ട്. അത് എന്ത്, എങ്ങനെ എന്നൊന്നും തിട്ടപ്പെടുത്താനാകാത്ത അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് പറയാതെ വയ്യ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയ നിയമനത്തിൽനിന്ന് വിപ്ലവപ്പാർട്ടിയുടെ ജില്ലാ സെക്രട്ടറി പദവിയിലേക്ക് പറിച്ചുനടപ്പെട്ടയാളിൽ കർണൻ്റെ കവചം കാണാനുള്ള ലഹരിയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥയ്ക്ക്. അവരാകട്ടെ ഉണ്ണിയാർച്ചയ്ക്ക് തുല്യമാണെന്ന് പറയാൻ മാത്രം ലഹരിയിലാണ് പാർട്ടിപദവിയിൽനിന്ന് അടുത്തൂൺ പറ്റിയ ബാലൻ സഖാവ്.
കുമ്പക്കുടി സുധാകരൻ്റെ പാൻറിൻറെ സിപ്പിൽനിന്ന് കൈയെടുക്കാൻ മാത്രം ലഹരി ഒഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ വീണ്ടും വീണ്ടും വെളിപാടുമായി വരുന്നുമുണ്ട് ബാലൻ. തൻ്റെ നിഴലിനടുത്ത് പോലും ബാലനെ കണ്ടിട്ടില്ലെന്ന ലഹരിയിലാണ് കുമ്പക്കുടി.
ആഘോഷത്തിൻ്റെ ലഹരിയിലാണ് കാരണഭൂതനും കൂട്ടരും. കാലണ കൂട്ടിക്കിട്ടാൻ സമരത്തിലുള്ള ആശമാർ ആശയറ്റ് കഴിയുമ്പോഴും തൊഴിലെന്ന സ്വപ്നം വഴിമുട്ടിയ വനിതാ സിപിഒമാർ നിരാശരായി മടങ്ങിയിട്ടും മന്ത്രിസഭയുടെ വാർഷികത്തിന് വാരിക്കോരി ചെലവാക്കുന്ന കഠിന ലഹരിയാണവർക്ക്.
ചുരുക്കത്തിൽ ആരൊക്കെ എപ്പോഴൊക്കെ എങ്ങനെയൊക്കെ ലഹരിക്ക് കീഴടങ്ങുന്നുവെന്ന് പറയാനാകാത്ത സ്ഥിതി. വാതിലിൽ മുട്ട് കേട്ടപ്പോൾ ജനാലവഴി ചാടിയ നടൻ്റെ മനോനിലയിലാണ് കേരളം മൊത്തമെന്ന് പറയാതെ വയ്യ.
വാഴ് വേ മായം…….