ന്യൂഡല്‍ഹി : നിയന്ത്രണ രേഖയിൽ പാകിസ്താൻ പ്രകോപനം തുടരുന്നതിനിടയിൽ ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു .
പാക് പോസ്റ്റുകളിൽ നിന്നും വീണ്ടും വെടിവെപ്പുണ്ടായി. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ഭീകരരുടെ താവളം സുരക്ഷാ സേന തകർത്തു.
കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് വെടിവെപ്പ് ഉണ്ടായത്. ശക്തമായ തിരിച്ചടി പാകിസ്താന് നൽകിയെന്ന് സൈന്യം വ്യക്തമാക്കി.അതിനിടെ പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ഭീകരരുടെ താവളം തകർത്തു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തു.
അതിനിടെ തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത് എത്തിയത് സൗഹാർദ സന്ദർശമെന്നാണ് പാകിസ്താൻ വിശദീകരണം. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.
ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി നാളെ പാകിസ്താൻ സന്ദർശിക്കും. തിരിച്ച് ടെഹറാനിലെത്തിയ ശേഷം ഇന്ത്യയിലേക്ക് തിരിക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സന്ദർശനം.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വിദേശ വിനോദസഞ്ചാരിയുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരൺവാലിയിലെ പൈൻമരക്കാടുകളിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.