ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സമൂഹമാധ്യമത്തില്‍ കുറിപ്പു പങ്കുവച്ചു. ”വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടു.” ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു
ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കരാര്‍ ലംഘനമുണ്ടായത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ”രണ്ട് മൂന്നു ദിവസം മുന്‍പ് ഈ വെടിനിര്‍ത്തല്‍ വന്നിരുന്നെങ്കില്‍ ജീവനകള്‍ നഷ്ടപ്പെടില്ലായിരുന്നു. പാക്കിസ്ഥാന്റെ ഡിജിഎംഒ നമ്മുടെ ഡിജിഎംഒയെ വിളിച്ചു, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. നാശനഷ്ടങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കുകയാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. പരുക്കേറ്റവര്‍ക്കു ശരിയായ ചികിത്സ ലഭിക്കണം.
സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ആശ്വാസം ലഭിക്കണം. വെടിവയ്പ്പ് ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവയുടെ കണക്കെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളം കുറച്ചു ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. വെടിനിര്‍ത്തലിനെത്തുടര്‍ന്ന് വിമാനത്താവളം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം പറഞ്ഞു.