ന്യൂഡല്‍ഹി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണം സൈന്യം വിഫലമാക്കി. തുടർന്ന്,തിരിച്ചടിക്കുകയും ചെയ്തു.
പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
യുഎഎസ് ഗ്രിഡും വ്യോമ സംവിധാനങ്ങളും ഉള്‍പ്പെടുന്ന എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാകിസ്താനി മിസൈലുകളും ഡ്രോണുകളും സൈന്യം നിര്‍വീര്യമാക്കുകയായിരുന്നു.
ബുധനാഴ്ച്ച രാത്രി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവര്‍ണക്ഷേത്രമുള്‍പ്പെടെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന.
പാകിസ്താന്‍ ലക്ഷ്യംവെച്ച നഗരങ്ങള്‍ ഇവയാണ്: അവന്തിപുര,, ശ്രീനഗര്‍, ജമ്മു,, പത്താന്‍കോട്ട്,അമൃത്‌സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭട്ടിണ്ഡ, ചണ്ഡീഗഡ് , ഫലോദി , ഉത്തര്‍ലായ്, ഭുജ്
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.
ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി.
ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.