ന്യൂഡൽഹി: ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ എന്നിവരുടെ ആസ്ഥാനമായ മസ്ജിദ് വാ മർകസ് തൈബയും ഇന്ത്യൻ സൈന്യം ചാരമാക്കിയ താവളങ്ങളിൽ ഉൾപ്പെടുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്കെ എന്ന പട്ടണത്തിലാണ് ഇവരുടെ കെട്ടിട സമുച്ചയം. ഭീകരവാദത്തിന്റെ സർവകലാശാല എന്നാണ് മസ്ജിദ് വാ മർകസ് തൈബ അറിയപ്പെടുന്നത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബയും ഭീകരവാദം വളർത്തുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് വാ മർകസ് തൈബ.
ലഷ്കർ-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രപരവും പ്രവർത്തനപരവുമായ കേന്ദ്രമായി മസ്ജിദ് വാ മർകസ് തൈബ കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ ‘ഭീകര നഴ്‌സറി’ എന്നറിയപ്പെടുന്ന 82 ഏക്കർ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, വളരെക്കാലമായി ഇന്ത്യൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്.
അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ഒരുകോടി രൂപ സംഭാവന നൽകിയെന്നും ആരോപണമുണ്ടായിരുന്നു. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് മസ്ജിദ് വാ മർകസ് തൈബ.
മദ്റസ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾ, മത പ്രബോധനം, ആയുധ പരിശീലനം, റിക്രൂട്ട്മെന്റ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇവിടെ പ്രതിവർഷം 1,000 വിദ്യാർത്ഥികൾ ചേരുന്നുണ്ടെന്നാണ് കണക്ക്.
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക പരിശീലന കേന്ദ്രങ്ങളുമുണ്ട്.2008 ലെ മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന് ഈ മർകസ് ഉപയോഗിച്ചിരുന്നു.