കൊച്ചി : സജീവമായ ഇരപിടിയൻ മുതലാളിത്തത്തിനോടൊപ്പം ലോകത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു അർബുദമാണ് ജിഹാദി ഇസ്ലാം. നിരപരാധികളായ ലക്ഷക്കണക്കിന് ജനസാമാന്യത്തിന്റെ, വിശിഷ്യാ മുസ്ലിം ജനതയുടെ, ഘാതകരായ ഈ ദുഷ്ട ശക്തിക്കെതിരെ കഴിഞ്ഞ പത്തിലേറെ കൊല്ലങ്ങളായി ഇന്ത്യ നന്നായി പ്രതിരോധിക്കുന്നു – എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ അഭിപ്രായപ്പെടുന്നു.
ഓപ്പറേഷൻ സന്തൂർ യുദ്ധനയതന്ത്രവിജയത്തിനിടയിലും നെറികെട്ട കമ്മികളുടെയും നെറികെട്ട സംഘികളുടെയും സഹജസ്വഭാവം പുറത്തുവന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്ററിൻ്റെ പൂർണരൂപം ഇങ്ങനെ :
യുദ്ധം – ചില പാർശ്വദൃശ്യങ്ങൾ
മുത്തലാക്ക് നിരോധിക്കുക, ഏക സിവിൽ കോഡിന് ശ്രമിക്കുക എന്നിവയടക്കം സംഘപരിവാർ സർക്കാരിന്റെ പല നിയമനിർമ്മാണങ്ങളെയും അനുകൂലിക്കുന്ന ആളാണ് ഞാൻ. അതുപോലെതന്നെയാണ് നിരന്തരമായ ബോംബ് സ്ഫോടനങ്ങളാൽ പോയ ദശകങ്ങളിൽ ഇന്ത്യയെ തകർത്ത ഹിംസാത്മകമായ പൊളിറ്റിക്കൽ ഇസ്ലാമിനോടുള്ള അവരുടെ പ്രതിരോധവും.
ഇപ്പോൾ ഇന്ത്യയിൽ ദിവസേനയെന്നോണം ബോംബുകൾ പൊട്ടുന്നില്ല. ഇന്നും സജീവമായ ഇരപിടിയൻ മുതലാളിത്തത്തിനോടൊപ്പം ലോകത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു അർബുദമാണ് ജിഹാദി ഇസ്ലാം. നിരപരാധികളായ ലക്ഷക്കണക്കിന് ജനസാമാന്യത്തിന്റെ, വിശിഷ്യാ മുസ്ലിം ജനതയുടെ, ഘാതകരായ ഈ ദുഷ്ട ശക്തിക്കെതിരെ കഴിഞ്ഞ പത്തിലേറെ കൊല്ലങ്ങളായി ഇന്ത്യ നന്നായി പ്രതിരോധിക്കുന്നുണ്ട്.അക്കാര്യത്തിലും സംഘപരിവാർ സർക്കാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ഇതേ അളവിലുള്ള മികവുറ്റ നടപടിയാണ്, സ്വന്തം പാർട്ടിയിലെ പോലും യുദ്ധക്കഴുകന്മാരുടെ പ്രോത്സാഹനങ്ങൾക്ക് ചെവി കൊടുക്കാതെ, ശരിയായ സമയത്ത് യുദ്ധ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇപ്പോൾ കാണിച്ച ധീരത.ഇപ്പോൾ പുറത്തറിയുന്ന,നാനാ കോണുകളിൽ നിന്നുമുള്ള വിവരങ്ങൾ അപഗ്രഥിക്കുമ്പോൾ മനസ്സിലാകുന്നത്, കഴിഞ്ഞ ആഴ്ചയിലെ സംഘർഷങ്ങളിൽ ഇന്ത്യ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തീർത്തും സാക്ഷാത്കരിച്ചു എന്നാണ്.
ഇന്ത്യൻ പ്രതിരോധ സേനയിൽ അഞ്ചു വർഷക്കാലം ഒരു സൈനികനായി ജീവിച്ചിട്ടുള്ളതുകൊണ്ടും, 1965ലെയും 1971 ലെ യും അജ്ഞാതമായ യുദ്ധ മുന്നണികളിൽ പ്രവർത്തിച്ചിരുന്ന സൈനികരുടെ കുടുംബത്തിലെ ഉൽക്കണ്ഠാകുലനായിരുന്ന ഒരു അംഗമെന്ന നിലയിലും യുദ്ധത്തെക്കുറിച്ചും സൈന്യത്തെക്കുറിച്ചും അലസപുരോഗമനകേരളത്തിൽ നില നിൽക്കുന്ന പൊതുബോധം ഞാൻ പങ്കുവയ്ക്കുന്നില്ല.
ഈ കാരണങ്ങൾ കൊണ്ടു തന്നെ ഞാൻ നല്ല ഒരു അളവിൽ ഒരു ശാന്തിവാദി(pacifist) ആണ്.എന്നാൽ, ശാന്തിവാദം എന്നതിനർത്ഥം ബോംബുകളുടെയും അത്യാധുനിക ആയുധങ്ങളുടെയും തെമ്മാടി രാഷ്ട്രങ്ങളുടെയും സഹായത്തോടെ ഇരച്ചു കയറി വരുന്ന ഭീകരവാദികളുടെ മുൻപിൽ മലന്നു കിടന്നു കൊടുക്കണം എന്നല്ല. അടിക്കണം.ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ചുട്ട തിരിച്ചടി കൊടുക്കണം. എന്താ സംശയം?
ജനാധിപത്യം പുലരുന്ന സോഫ്റ്റ് ടാർഗറ്റുകളിൽ ഇരച്ചു കയറി മുസ്ലീങ്ങൾ അടക്കമുള്ള ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നു, നല്ല അസ്സൽ പ്രതിരോധം ഉള്ള ഇടങ്ങളിൽ ‘ ചുണ്ടങ്ങ- കൊടുത്ത്- വഴുതനങ്ങ- വാങ്ങൽ’ സിൻഡ്രോം പരാജയപ്പെട്ട് ലോകത്തിനു മുന്നിൽ മോങ്ങുന്നു.
ദുഷ്ടമായ പൊളിറ്റിക്കൽ ഇസ്ലാമിനെയും സാധുക്കളായ മുസ്ലീങ്ങളെയും കാപട്യത്തോടെ സമീകരിച്ച് പൊതുബോധത്തെ വഞ്ചിക്കുന്നു. ഈ വിധത്തിലുള്ള ഭീകരവാദ ശക്തികളെയും അവരോട് നാഭിനാളീബന്ധം പുലർത്തുന്ന രാജ്യത്തിനുള്ളിലെ ശത്രുക്കളെയും ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടണം.
ഈ യുദ്ധനയതന്ത്രവിജയത്തിനിടയിലും നെറികെട്ട കമ്മികളുടെയും നെറികെട്ട സംഘികളുടെയും സഹജസ്വഭാവം പുറത്തുവരാതിരുന്നില്ല. അകാലത്തിൽ ഉള്ളതും ഔചിത്യം ഇല്ലാത്തതും ആയ ശാന്തിവാദങ്ങളും ആയാണ് കമ്മികൾ സംഘർഷകാലത്ത് സമൂഹത്തെ ആക്രമിച്ചത്. രാഷ്ട്രജീവിതത്തിൽ കമ്മികളും അവരുടെ വോക്ക് സുഹൃത്തുക്കളും അലോസര വസ്തുക്കൾ എന്നതിനപ്പുറം പരിഗണിക്കപ്പെടേണ്ടതില്ലാത്ത വിധം അപ്രസക്തരാണ് എന്നത് ശരിയാണ്.1.76% വോട്ടുകളാണ് പലരുടെയും സഹായത്തോടെ, പലരോടും ഇരന്ന്,ഈ വായാടിപ്പാർട്ടിക്ക് കിട്ടിയത്. ആ അനുപാതത്തിലുള്ള വിലയേ കമ്മി ശാന്തിവാദികളുടെ വാക്കുകൾക്കുമുള്ളു.
ലോകത്തിലെല്ലായിടത്തും,ഇന്ത്യയിൽ മറ്റു ഭാഗങ്ങളിലും ആ പ്രസ്ഥാനത്തിന്റെ ശവമടക്ക് കഴിഞ്ഞതാണ്. അതിന്റെ ജീർണ്ണമൃതശരീരത്തെ ഏതോ ഒരു പ്രാകൃതമതാനുഷ്ഠാനം പോലെ കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇരട്ടത്താപ്പിന്റേതായ ഈ സംസ്ഥാനത്തിൽ മാത്രമേയുള്ളൂ.
എന്നാലും, ജോസഫ് സ്റ്റാലിന്റെ മുഖച്ഛായ പോലുമുള്ള ഇവനൊക്കെ നാണം വേണ്ടേ? സോവിയറ്റ് യൂണിയനിലെ റഷ്യയൊഴിച്ചുള്ള 14 സ്റ്റേറ്റുകളും വ്യതിരക്തമായ സാംസ്കാരിക സവിശേഷതകൾ ഉള്ള ദേശീയതകൾ ആയിരുന്നു. 1955 ലെ വാഴ്സ സഖ്യത്തിൽപ്പെട്ട മറ്റ് എട്ട് രാജ്യങ്ങളും അപ്രകാരം തന്നെ. ഇവയെ അടക്കിനിർത്തിയിരുന്നത് പാവ ഗവൺമെന്റുകളെ നിയമിച്ചും കർശനമായ ഭീഷണി ഉപയോഗിച്ചും ആണ്. ഇവയിൽ ചില രാജ്യങ്ങളിൽ പോയിട്ടുള്ള ഞാൻ, വിമോചനം നേടി ദശകങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് റഷ്യയോടുള്ള ഇപ്പോഴും രൂഢമൂലമായ വെറുപ്പും വിദ്വേഷവും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
1956 ൽ ഹംഗറിയിലും 1968 ൽ ചെക്കോസ്ലോവാക്കിയയിലും ജനങ്ങളുടെ സ്വാതന്ത്ര്യ ദാഹത്തെചതച്ചരച്ചവരുടെ പിൻമുറക്കാരാണ് സ്വന്തം രാജ്യത്തിൻറെ കാര്യം വരുമ്പോൾ യുദ്ധവിരുദ്ധ ശാന്തിവാദം പ്രസംഗിക്കുന്നത്! കൊറിയയിലും മൊസാംബിക്കി ലും സോമാലിയയിലും അങ്കോളയിലും ഒക്കെ കമ്മ്യൂണിസം കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിൽ എത്ര ചോര ചൊരിച്ചിൽ ഉണ്ടാക്കി!
1917 ന് ശേഷം എത്ര ദശലക്ഷം ആളുകളെയാണ് ലെനിനും സ്റ്റാലിനും കൊന്നു കളഞ്ഞത്? ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാർ പോലും സ്റ്റാലിന്റെ സൈക്കോട്ടിക് മതിഭ്രമം മൂലം കൊല്ലപ്പെട്ടു. ചൈനയുടെ കാര്യവും ഇതുപോലെ കാണ്ഡം കാണ്ഡമായി പറയാനുണ്ട്. എന്ത് കാര്യം? ചാരിത്ര്യപ്രസംഗം നടത്തുന്ന നിരക്ഷരരായ വ്യഭിചാരികളോട് എന്തു പറയാൻ?1969 മുതൽ ദൈനംദിന കൊലകൾ നടത്തുന്ന ദാസപ്പനിസ്റ്റ് പാർട്ടിയിലെ ഒരു തീവ്രവാദിയാണ് ഇപ്പോൾ അന്തംകമ്മികളിൽ ഗദ്ഗദം ഉത്പാദിപ്പിക്കുന്ന ശാന്തി മന്ത്രങ്ങൾ ഉരുവിടുന്നത്.
വ്യാജ കമ്മ്യൂണിസ്റ്റുകൾക്ക് ഒപ്പം യുദ്ധവിരുദ്ധ പ്രബോധനങ്ങളുമായി കുറേ വോക്കുകളും ഇറങ്ങിയിട്ടുണ്ട്. ചിലപ്പോഴൊക്കെ, അവർ അത്യാവശ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒക്കെ പറയും. എന്നാലും, ഗാന്ധിയന്മാർ, പരിസ്ഥിതിവാദികൾ, മനുഷ്യാവകാശ പ്രവർത്തകർ,ദളിത ബന്ധുക്കൾ, മുൻ നക്സലൈറ്റുകൾ എന്നിങ്ങനെ മേൽവിലാസം എന്തുമാകട്ടെ, ഒരിക്കലും ആഗോള -ദേശീയ- പ്രാദേശിക ജിഹാദികൾക്കെതിരായി അവരിൽനിന്ന് ഒരു വാക്കും പുറപ്പെടില്ല.
ഐ.എസ്.ഉം,ബോക്കോ ഹറാമും, താലിബാനും, പോപ്പുലർ ഫ്രണ്ടും തിമിർത്താടിയ ദശകങ്ങൾ അല്ലേ കഴിഞ്ഞു പോയത്? ഇവർ പതിനായിരക്കണക്കിന് കൊന്നത് മനുഷ്യരെ തന്നെയല്ലേ? ഈ സംഘടനകളുടെ ക്രൂരതകൾക്കെതിരെ ഇവന്റെയൊക്കെ വായിൽ നിന്ന് ഒരിക്കലും ഒരു പ്രതിഷേധവും ഇന്നുവരെ ഉയർന്നിട്ടില്ല.
കഴിഞ്ഞാഴ്ചയിൽ എന്റെ പട്ടണമായ തൃശൂരിൽ യുദ്ധവിരുദ്ധ പ്രകടനം നടത്താനുള്ള ഇക്കൂട്ടരുടെ ഒരു ശ്രമം ഉണ്ടായിരുന്നു. നല്ല കാര്യം.അവരിൽ പലരും എന്റെ സുഹൃത്തുക്കളുമാണ്. പക്ഷേ, മുൻപ് പറഞ്ഞതുപോലെ, അബദ്ധത്തിൽ പോലും ഒരിക്കലും പൊളിറ്റിക്കൽ ഇസ്ലാമിന്റെ സാർവത്രികമായ ക്രൂരതകളെ കുറിച്ച് അവർ ഒരിക്കലും പ്രതിഷേധിച്ചിട്ടില്ല.
സമയക്കുറവുകൊണ്ട്, ഇവരുടെ ഇരട്ടത്താപ്പിന് ഒരു ഉദാഹരണം മാത്രം പറയാം:2022 ൽ ഇറാനിൽ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ യാഥാസ്ഥിതിക സർക്കാർ, 68 പ്രായപൂർത്തി ആകാത്ത കുട്ടികൾ ഉൾപ്പടെ, 551 പെൺകുട്ടികളെ വെടിവെച്ചും മർദ്ദിച്ചും കൊല്ലുകയുണ്ടായി. പതിനായിരക്കണക്കിന് കുട്ടികൾ തടവിലായി.
നല്ല സാമൂഹിക ജാഗ്രതയും മാനുഷികബോധവും എല്ലാ കാലത്തും പുലർത്തിയിട്ടുള്ള എന്റെ ഒരു സുഹൃത്ത്, ഏറെക്കുറെ ഈ സംഘത്തോട് തന്നെ ഞെട്ടിക്കുന്ന ഈ സംഭവത്തോട് പ്രതികരിക്കാൻ തൃശ്ശൂരിൽ ഒരു പ്രതിഷേധപ്രകടനം നടത്താനുള്ള നിർദ്ദേശം വച്ചു. 22 കാരറ്റ് മനുഷ്യാവകാശബോധമുള്ള ഇവനൊക്കെ അന്ന് താൽക്കാലികമായി ബധിരരായി!
നെറികേടിന്റെ കാര്യത്തിൽ കമ്മികളുമായി ഒപ്പത്തിനൊപ്പം മത്സരിക്കുന്നതിൽ പ്രമുഖർ സംഘികളാണ്. വെറുപ്പിന്റെ കാര്യത്തിൽ മനുഷ്യ കീടങ്ങൾ എന്നാണ് പറയേണ്ടത്. പഹൽഗാ മിൽ ഇരയായ ഒരു നാവികസേന ഓഫീസറുടെ ഭാര്യയായ ഹിമാംശി നർവാൾ, ഉയർന്ന സാമൂഹ്യബോധത്തോടെ, ‘പ്രത്യാക്രമണം നിരപരാധികളായ കാശ്മീരികളുടെയും മുസ്ലീങ്ങളുടെയും നേരെ ആവരുത് ‘എന്ന് പറഞ്ഞു. സംഘി അവന്റെ തനിനിറം കാട്ടി. നാടിനെ കുറിച്ച് ലജ്ജ തോന്നിക്കേണ്ടും വിധം ആ വിധവയ്ക്കെതിരെ അവന്മാർ അത്രയ്ക്ക് അധികം ഓൺലൈൻ തെറികൾ വർഷിച്ചു.
സംഘർഷം തുടങ്ങി നാലഞ്ചു ദിവസത്തിന് ശേഷം ഉണ്ടായ യുദ്ധവിരാമം മുക്കാൽ പങ്ക് സങ്കികളെയും വല്ലാതെ നിരാശരാക്കി. അതിന്റെ പേരിൽ അവർ അരിശം കൊണ്ടു. പ്രധാനമന്ത്രിക്കും മറ്റും എതിരെ ശകാരം തിരിച്ചുവിടാൻ ആകില്ല. വിവരമറിയും.അതിനാൽ അവർ ശകാര പ്രവാഹം തിരിച്ചുവിട്ടത് ഭരണനേതൃത്വത്തിന്റെ സന്ദേശ വാഹകർ മാത്രമായിരുന്ന വിദേശ സെക്രട്ടറി വിക്രം മിസ്രിക്കും കേണൽ സോഫിയ ഖുറേഷിക്കും എതിരെയായിരുന്നു.വീശിഷ്യാ,സോഫിയ ഖുറേഷി എന്ന മുസ്ലിം പേര് അവരുടെയൊക്കെ വികല മനസ്സിന് വളരെ ബോധിച്ചതായി തോന്നി.അവർ ഏറ്റുവാങ്ങിയ ശകാരങ്ങൾ രാജ്യത്തിന് നാണക്കേടായി. എട്ടു തവണ മധ്യപ്രദേശിൽ എംഎൽഎ ആയ ഇപ്പോൾ മന്ത്രിയായ ഒരുവനും ഈ ശകാരത്തിൽ ഭാഗഭാക്കായി.
അവനെതിരെ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട് എങ്കിലും ഒന്നും സംഭവിക്കില്ല.ഇപ്പോഴിപ്പോൾ, അധികാരത്തിലുള്ള പാർട്ടി ഏതായാലും, അവയിലുള്ള ക്രിമിനലുകൾ എന്ത് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ല.പണ്ട് ബ്രിജ്ഭൂഷൻ എന്ന പീഡകസംഘി സംരക്ഷിക്കപ്പെട്ടതുപോലെ ഇവനും സംരക്ഷിക്കപ്പെടും.