ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് എങ്ങനെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാം
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
ബുധനാഴ്ച സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകിട്ട് ഉന്നതതല യോഗം.
2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഗാമിലേത്. ബൈസരൺ വാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെയാണ് കൂട്ടക്കൊല ചെയ്തത്.
ഇതിനിടെ, ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്ഥാൻ സൈബര്‍ ആക്രമണം തുടങ്ങി> സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാനി ഹാക്കര്‍ നടത്തിയ ശ്രമം സേന തകര്‍ത്തു.’ഐഒകെ ഹാക്കര്‍’ എന്ന പാകിസ്ഥാന്‍ ഗ്രൂപ്പ് ആണ് ആക്രമണം നടത്തിയത്.
ശ്രീനഗര്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ (എഡബ്ല്യുഎച്ച്ഒ) ഡാറ്റാബേസ്, ഇന്ത്യന്‍ വ്യോമസേനയുടെ പ്ലേസ്മെന്റ് പോര്‍ട്ടല്‍ എന്നിവയാണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. നാലു തവണ ഹാക്കിങ് ശ്രമം ഉണ്ടായെന്നാണ് ഇന്റലിജന്‍സ് വിവരം. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന വിലയിരുത്തലില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റും പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. പഹല്‍ഗാമിലേത് ഭീകരാക്രമണം ആയിരുന്നില്ലെന്ന പോസ്റ്റര്‍ ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്തു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ച് യുദ്ധം ഉണ്ടാക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനാണെന്നുമാണ് പോസ്റ്ററില്‍ ആരോപിച്ചിരുന്നത്.
‘നിങ്ങളാണ് യുദ്ധം തുടങ്ങിയത്. അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കില്ല, മറിച്ച് ഡിജിറ്റല്‍ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കേണ്ട. നിങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യാജമാണ്. നിങ്ങളുടെ സുരക്ഷ വെറും മിഥ്യയാണ്. കൗണ്ട്ഡൗണ്‍ തുടങ്ങി കഴിഞ്ഞു.’ പോസ്റ്ററില്‍ പറയുന്നു. പാകിസ്ഥാന്‍ ഹൈക്കര്‍മാര്‍ ഹാക്ക് ചെയ്തയുടന്‍ ഐ ടി വിഭാഗം അക്കൗണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
തന്ത്രപ്രധാനമായ ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തിങ്കളാഴ്ച തദ്ദേശ വകുപ്പിന്റെയും ജയ്പൂര്‍ വികസന അതോറിറ്റിയുടേയും വെബ്‌സൈറ്റുകള്‍ ഹൈക്ക് ചെയ്തിരുന്നു. ഈ വെബ്‌സൈറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.