December 12, 2024 7:13 pm

റിമാന്റ് റിപ്പോർട്ട് സഭയിൽ; കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു.

മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു. റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു.

ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാന്റ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം.

പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തന്നെക്കുറിച്ച് പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്യപ്പെട്ടതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News