സമ്പർക്കപ്പട്ടികയിൽ 702 പേർ , രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം

In Featured
September 15, 2023

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുമായി 50 പേരാണ് സമ്പർക്കത്തിലുള്ളത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതുവരെ ആകെ ഏഴ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട് ജില്ലയിൽ സജ്ജമാക്കും. ഇതോടെ ഫലം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കോൾ സെന്ററുമായി ബന്ധപ്പെടണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രോഗബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന. പനി ലക്ഷണങ്ങളുള്ളവർക്ക് ഐസോലേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.