ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാഉള്ള പ്രമേയം പാർലമെൻ്റിൽ കൊണ്ടുവരാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നു.
സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ അലഹബാദ് ഹൈക്കോടതി ജഡ്ജിയാണ് അദ്ദേഹം.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹം രാജിവയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, അദ്ദേഹത്തിന്റെ ഇംപീച്ച്‌മെൻ്റിന് വിധേയനാക്കാൻ ശുപാർശ ചെയ്യുന്ന കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്.
ഒരു ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സ്പീക്കറുടെയോ ചെയർമാന്റെയോ അംഗീകാരത്തിന് ശേഷം ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാവുന്നതാണ്.
പ്രമേയം പാസാകണമെങ്കിൽ, ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം.തുടർന്ന്, ഒടുവിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും.