മോസ്കോ: യേശുക്രിസ്തുവിൻ്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് റഷ്യയിലെ സൈബീരിയയിൽ “ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റ്” എന്ന ആരാധനാ സംഘം സ്ഥാപിച്ച സെർജി ടോറോപിന്, നോവോസിബിർസ്കിലെ കോടതി 12 വർഷം തടവ് ശിക്ഷ വിധിച്ചു.
വിസാരിയോൺ എന്ന പേരിൽ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്ന “ജീസസ് ഓഫ് സൈബീരിയ” എന്നും വിശേഷിപ്പിക്കപ്പെടുന്നു.
അദ്ദേഹത്തിൻ്റെ സഹായികളായ വഡിം റെഡ്കിൻ, വ്ലാഡിമിർ വെഡേർനിക്കോവ് എന്നിവർക്ക് യഥാക്രമം 11 ഉം 12 ഉം വർഷം തടവ് ശിക്ഷ ലഭിച്ചു.
കൂടാതെ, ഇരകൾക്ക് നഷ്ടപരിഹാരമായി 45 ദശലക്ഷം റൂബിൾസ് (ഏകദേശം $572,000) നൽകാനും കോടതി ഉത്തരവിട്ടു.തങ്ങൾ നിരപരാധികളാണ് എന്ന് പ്രതികൾ ബോധിപ്പിച്ചെങ്കിലും കോടതി അത് തള്ളി.
അനുയായികളെ മാനസികമായി പീഡിപ്പിക്കുകയും അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു എന്നതായിരുന്നു പ്രധാന ആരോപണം. ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ 16 പേർക്ക് “ധാർമ്മികമായ ദോഷം” വരുത്തുകയും, 6 പേർക്ക് “ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ” ഉണ്ടാക്കുകയും ഒരാൾക്ക് “സാധാരണ” ദോഷം ഉണ്ടാക്കുകയും ചെയ്തു എന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
2020-ൽ റഷ്യൻ സുരക്ഷാ സേന, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് സെർജി ടോറോപിനെയും അദ്ദേഹത്തിൻ്റെ രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തത്.
1991-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് തൊട്ടുമുമ്പാണ് സെർജി ടോറോപ് “ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റ്” സ്ഥാപിച്ചത്.1989-ൽ തനിക്ക് ജോലി നഷ്ടപ്പെട്ടതിന് ശേഷം ഒരു “ദൈവിക വെളിപാട്” ഉണ്ടായെന്നും അതിനുശേഷമാണ് ഇത് സ്ഥാപിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങളോടൊപ്പം ബുദ്ധമതം, ഭൗതിക കാര്യങ്ങളോടുള്ള വിരക്തി , കൂട്ടായ ജീവിതം,പരിസ്ഥിതി മൂല്യങ്ങൾ എന്നിവയുടെ ചില അംശങ്ങൾ അദ്ദേഹത്തിൻ്റെ ദർശനങ്ങളിൽ ഉൾപ്പെടുന്നു.പുനർജന്മത്തിൽ വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് 64 കാരനായ സെർജി ടോറോപ്.
ലോകാവസാനം അടുത്തിരിക്കുന്നു എന്നും,തൻ്റെ അനുയായികളെ മാത്രമേ രക്ഷിക്കൂ എന്നും അദ്ദേഹം പ്രവചിച്ചിരുന്നു.ക്രിസ്മസിന് പകരം തൻ്റെ ജന്മദിനമായ ജനുവരി 14 വിശേഷ ദിവസമായി ആചരിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.
എല്ലാ മതങ്ങളെയും ഭൂമിയിൽ ഒരുമിപ്പിക്കുക എന്നതായിരുന്നുവത്രെ, ഈ വിഭാഗത്തിന്റെ ലക്ഷ്യം.മാംസം, പുകവലി, മദ്യം, പണം എന്നിവ ഉപേക്ഷിക്കണം എന്ന് സെർജി ടോറോപ് അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.
സ്വയം മെച്ചപ്പെടുത്തൽ, സ്വയം ഭരണം, കൂട്ടായ ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന “ദി ലാസ്റ്റ് ടെസ്റ്റമെന്റ്” എന്ന പേരിൽ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പ്രസംഗ സമാഹാരങ്ങൾ വേറെയുമുണ്ട്.
ലോകമെമ്പാടുമായി അമ്പതിനായിരത്തിലധികം അനുയായികൾ ഉണ്ടെന്നാണ് അവകാശവാദം. അതിൽ 4,000 പേർ സൈബീരിയയിലെ അദ്ദേഹത്തിൻ്റെ താവളത്തിന് സമീപം താമസിച്ചിരുന്നു. “അബോഡ് ഓഫ് ഡോൺ” അല്ലെങ്കിൽ “ദി സൺ സിറ്റി” എന്ന് പേരുള്ള ഒറ്റപ്പെട്ട മലമുകളിൽ ഏകദേശം 300 ഓളം പേർ താമസിക്കുന്ന കൂട്ടായ്മയും ഉണ്ടായിരുന്നു.
സെർജി അനാടോല്യേവിച്ച് ടോറോപ് എന്നതാണ് മുഴുവൻ പേര്. 1961 ജനുവരി 14-ന് സോവിയറ്റ് യൂണിയനിലെ ക്രാസ്നോദറിൽ ആണ് ജനനം. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നുവത്രെ.
1990-ൽ താൻ “പുനർജനിച്ചു” എന്നും യേശുക്രിസ്തുവിൻ്റെ പുനരവതാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിസാരിയോൺ എന്ന പേരിന് “പുതിയ ജീവിതം നൽകുന്നവൻ” അല്ലെങ്കിൽ “ജീവൻ നൽകുന്നവൻ” എന്നൊക്കെയാണ് അർത്ഥം.
ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും, 7 വയസ്സുമുതൽ തന്നോടൊപ്പം താമസിച്ചിരുന്ന 19 വയസ്സുകാരിയെ വിവാഹം കഴിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.രണ്ട് വിവാഹങ്ങളിലുമായി അദ്ദേഹത്തിന് ആറ് മക്കളുണ്ട്.യേശുവിൻ്റെ അമ്മയായ മറിയയെയാണ് വിസാരിയോൺ തൻ്റെ അമ്മയായി കണക്കാക്കുന്നത്.