ഡമാസ്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി.പ്രതിരോധ മന്ത്രാലയം, പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും ബോംബുകൾ വീണൂ.
തെക്കൻ സിറിയയിലെ ദുറൂസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്ന ആരോപിച്ചായിരുന്നു ആക്രമണം.
ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിറിയയുടെ തെക്കൻ പ്രവിശ്യയായ സ്വെയ്ദയിൽ സർക്കാർ സേനയും പ്രാദേശിക സായുധ സംഘങ്ങളും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്കിടെയാണ് ഈ നടപടി.
സർക്കാരിൻ്റെ നടപടികൾക്കെതിരെയും, സിറിയ-ഇസ്രായേൽ അതിർത്തിക്ക് സമീപം തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനുമാണ് ഈ ആക്രമണങ്ങൾ എന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.സ്വെയ്ദ പ്രവിശ്യയിലെ ഡ്രൂസ് സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനാണ് തങ്ങളുടെ നടപടിയെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.
മുൻ പ്രസിഡണ്ട് ബശ്ശാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം രൂപീകരിച്ച ഇടക്കാല സർക്കാരിന് കീഴിൽ സിറിയയിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കിടയിലാണ് ഈ പുതിയ ആക്രമണങ്ങൾ.
സിറിയ സ്റ്റേറ്റ് ടിവിയുടെ ഒരു കെട്ടിടത്തിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ലൈവ് സംപ്രേക്ഷണം നടക്കുമ്പോൾ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് അവതാരകൻ ഓടി രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇസ്രായേലിൻ്റെ നടപടി സംഘർഷം രൂക്ഷമാക്കാനാണെന്ന് സിറിയയിലെ ഇടക്കാല സർക്കാർ ആരോപിച്ചു. അതേസമയം, തുർക്കി വിദേശകാര്യ മന്ത്രാലയം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
സ്വെയ്ദ പ്രവിശ്യയിൽ ഡ്രൂസ് സമുദായവും സർക്കാർ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വ്യാപിക്കുന്നത് ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡ്രൂസ് സമുദായത്തിന് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
സിറിയൻ അതിർത്തിയിൽ നിന്നുള്ള ഏത് ഭീഷണിയും നേരിടാൻ തങ്ങൾ തയ്യാറാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഈ സാഹചര്യത്തിൽ, ഗാസയിൽ നിന്ന് സിറിയൻ അതിർത്തിയിലേക്ക് സൈനികരെ മാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇരു കക്ഷികളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും അമേരിക്ക അറിയിച്ചു.