വധിച്ചത് നൂറോളം ഭീകരരെ: ഒമ്പത് താവളങ്ങൾ ചാമ്പലാക്കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെയും പാകിസ്ഥാൻ അധീന കാശ്മീലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് സൈന്യം വെളിപ്പെടുത്തി.35–40 സൈനികർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാൻ്റെ തന്നെ കണക്ക്.

പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു. റഫീഖി, ചുനിയാൻ, സർഗോധ, റഹിംയാർഖാൻ, സുക്കൂർ, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാർ കേന്ദ്രവും തകർത്തു. അവരുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങൾ
സൂക്ഷിക്കുന്ന താവളമാണ് സർഗോധ.

ബാവൽപുരിലെ ഭീകര താവളമായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും ചാരമാക്കി. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു.

ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിച്ചത്.

റഫാൽ വിമാനം പാക്കിസ്ഥാൻ തകർത്തോ എന്ന ചോദ്യത്തിന്, ഇന്ത്യൻ വിമാനങ്ങൾ തകർന്നോ, പാക്ക് വിമാനങ്ങൾ ഏതൊക്കെ തകർന്നു എന്നതുപോലുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ വിശദീകരിക്കാനാകില്ലെന്ന് എയർമാർഷൽ ഭാരതി പറഞ്ഞു. സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്. അത്തരം വെളിപ്പെടുത്തലുകൾ എതിരാളികൾക്ക് അനുകൂലമാകും. രാജ്യം ശക്തമായ തിരിച്ചടിയാണ് ശത്രുവിന് നൽകിയതെന്ന് മാത്രമേ ഈ ഘട്ടത്തിൽ പറയാൻ കഴിയൂ. പോർമുഖത്ത് നഷ്ടങ്ങളും സ്വാഭാവികമാണെന്നും അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ച് വിവിധയിടങ്ങളിൽ ആക്രമണം നടത്തി.ശത്രുവിന് കനത്ത തിരിച്ചടി നൽകി. ചില പാകിസ്ഥാൻ വിമാനങ്ങൾ തകർത്തു.എത്ര എണ്ണമാണെന്ന് വെളിപ്പെടുത്താൻ കഴിയില്ല.ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും വിശദീകരിക്കാനാവില്ല.

വിമാനങ്ങൾ തകർത്തതിനെക്കുറിച്ച് വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരും. ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടന്നുവരികയാണെന്നും എയർമാർഷൽ ഭാരതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News