ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞഞ്ഞു
കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം’’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.
രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിൽ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
നേരത്തേ, ഷഹ്ബാസ് ഷെരീഫ്, വെടിനിർത്തൽ കരാറിനെ പ്രശംസിക്കുകയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിരുന്നു.സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇന്ത്യൻ സായുധ സേന മറുപടി നൽകുന്നുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ‘‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വെടിനിർത്തൽ കരാർ ലംഘനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്നുണ്ട്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിൽ വൈകുന്നേരം ഉണ്ടായ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനമാണിത്. ഈ ലംഘനങ്ങൾക്ക് സായുധ സേന ഉചിതമായ മറുപടി നൽകുന്നുണ്ട്. വെടിനിർത്തൽ കരാർ ലംഘനങ്ങളെ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു. ഈ ലംഘനങ്ങൾ പരിഹരിക്കുന്നതിനും സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു- വിക്രം മിസ്രി പറഞ്ഞു.