ന്യൂഡൽഹി: മുടി മാറ്റിവെക്കൽ സുരക്ഷിതമാണോ? അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ? സൗന്ദര്യവർദ്ധക ചികിത്സകളിൽ മുടി മാറ്റിവെക്കൽ ഒരു പ്രധാന പ്രവണതയായി മാറുമ്പോൾ ഈ സംശയങ്ങൾ പ്രസക്തമാവുന്നു.
മുടികൊഴിച്ചിലിന് ഇത് ഒരു സ്ഥിരമായ പരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് ഈ രീതി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ ചികിത്സ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
മുടികൊഴിച്ചിൽ തടയാനും തലയിൽ പുതിയ മുടി കിളിർപ്പിക്കാനും സഹായിക്കുന്ന ഒരു സൗന്ദര്യവർദ്ധക ശസ്ത്രക്രിയയാണിത്. മുൻപ് ഇത് സമ്പന്നർക്ക മാത്രം താങ്ങാൻ കഴിയുന്ന ഒരു ആഢംബരമായിരുന്നെങ്കിൽ, ഇപ്പോൾ സാധാരണക്കാർക്കും ഇത് പരീക്ഷിക്കാവുന്ന സാഹചര്യമായിട്ടുണ്ട്.
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആത്മാഭിമാനം ഉയർത്തുന്നതിനും മുടി മാറ്റിവെക്കൽ സഹായിക്കുന്നുണ്ട്. ഇത് നല്ല രൂപം നൽകുന്നതിനപ്പുറം ദീർഘകാല ഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, സുരക്ഷിതമായ ചികിത്സയ്ക്കും ആരോഗ്യമുള്ള തലയോട്ടിക്കും ഇത് ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷം ചെയ്യേണ്ടത് പ്രധാനമാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
യോഗ്യതയുള്ള ഒരു ഡോക്ടർ ലൈസൻസുള്ള, നല്ല സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കിൽ, ആവശ്യമായ എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും പാലിച്ച് ചെയ്യുകയാണെങ്കിൽ സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു.മുടി മാറ്റിവെക്കൽ എന്നത് കേവലം ഒരു സൗന്ദര്യപരിഹാരം മാത്രമല്ല, ഇത് വൈദഗ്ധ്യവും കൃത്യതയും രോഗാണു രഹിത സാഹചര്യവും ആവശ്യമുള്ള ഒരു ശസ്ത്രക്രിയയാണെന്ന് ഓർക്കേണ്ടത് പ്രധാനമാണ്.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ പ്രത്യേക മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, ഇത് ഡോക്ടറെ അറിയിക്കുകയും ചികിത്സക്ക് മുൻപ് വിലയിരുത്തുകയും വേണം.
ശരിയായ രീതിയിൽ ചെയ്യാതിരുന്നാൽ, ഗുരുതരമായ ദോഷങ്ങൾ ഉണ്ടാകാം. തെറ്റായ സാങ്കേതിക വിദ്യയോ വൃത്തിയില്ലായ്മയോ കാരണം സ്ഥിരമായ പാടുകൾ, മാറാത്ത അണുബാധകൾ, നാഡീ ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാകാം. ഇത് വേദന, മരവിപ്പ്, അല്ലെങ്കിൽ തലയോട്ടിയിലെ സംവേദനക്ഷമത നഷ്ടപ്പെടൽ എന്നിവയിലേക്ക് നയിച്ചേക്കാം.
ചില സന്ദർഭങ്ങളിൽ, മാറ്റിവെച്ച മുടി വേരുറക്കാത്തതിനാൽ പാടുകളായോ അസമമായോ വളരാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ശരിയാക്കാൻ പ്രയാസവുമാണ്. ചികിത്സ പിഴച്ചാൽ നിലവിലുള്ള ആരോഗ്യകരമായ മുടിയിഴകൾക്ക് ദോഷം വരുത്തുകയും മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യാം.
ചിലപ്പോൾ, മുടി മാറ്റിവെക്കൽ ജീവന് ഭീഷണിയായ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് രോഗിക്ക് ശരിയായ രീതിയിൽ പരിശോധിക്കാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ. അനസ്തേഷ്യയോടുള്ള പ്രതികരണം, അണുവിമുക്തമല്ലാത്ത ഉപകരണങ്ങൾ കാരണം ഉണ്ടാകുന്ന അണുബാധകൾ, അമിത രക്തസ്രാവം എന്നിവയെല്ലാം വൈദ്യസഹായം ഇല്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് വഷളാകാവുന്ന അപകടങ്ങളാണ്. ഈയിടെ ഉണ്ടായ ചില മരണങ്ങൾ ഇക്കാര്യം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ശരിയായ ക്ലിനിക്ക് തിരഞ്ഞെടുക്കുന്നത് ആണ് പ്രധാനം.ലൈസൻസുള്ള ഒരു ഡെർമറ്റോളജിസ്റ്റോ അല്ലെങ്കിൽ പ്ലാസ്റ്റിക് സർജനോ ആയിരിക്കണം ചികിത്സ ചെയ്യുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അലർജികൾ തുടങ്ങിയ പരിശോധനക്ൾ വളരെ പ്രധാനമാണ്.
മുടി മാറ്റിവെക്കൽ ചികിത്സാ പിഴവുകൾ കാരണം മരണം സംഭവിച്ച കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയില്ലാത്ത ഡോക്ടർമാർ ചികിത്സ നടത്തുമ്പോൾ ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളിൽ നടക്കുന്ന ചികിൽസയാവാം കാരണം.
2016-ൽ ചെന്നൈയിൽ ഒരു വിദ്യാർത്ഥി മുടി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചു. യോഗ്യതയില്ലാത്ത രണ്ട് ഡോക്ടർമാരാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഈ ക്ലിനിക്കിന് ഹെയർകട്ടിംഗിനും സ്റ്റൈലിംഗിനും മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നതത്രെ.
മുംബൈയിൽ, 2019-ൽ 43 വയസ്സുകാരനായ ഒരു ബിസിനസുകാരൻ മുടി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം അലർജി കാരണമാണ് മരണമടഞ്ഞത്. ഡൽഹിയിൽ 2022 ഡിസംബറിൽ 30 വയസ്സുകാരനായ ഒരാൾക്ക് മുടി മാറ്റിവെക്കൽ ചികിത്സയിലെ പിഴവ് കാരണം അണുബാധയുണ്ടായി. മാസങ്ങൾക്ക് ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു.
2025-ൽ കാൺപൂരിൽ രണ്ട് എഞ്ചിനീയർമാർക്ക് മുടി മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് മരണം സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഒരു ദന്ത ഡോക്ടറാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയെന്നും പിന്നീട് മസ്തിഷ്കത്തിൽ അണുബാധയുണ്ടായി മരിച്ചുവെന്നും ആയിരുന്നു ആരോപണം. രണ്ടാമത്തെയാളും അതേ ക്ലിനിക്കിൽ നിന്ന് ചികിത്സ നടത്തിയതിനെ തുടർന്നാണ് മരണത്തിന് കീഴടങിയത്.
ഈ മരണങ്ങൾക്കെല്ലാം പ്രധാന കാരണമായത് യോഗ്യതയില്ലാത്ത ഡോക്ടർമാർ ചികിത്സ നടത്തുന്നതായിരുന്നു.ശരിയായ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കാത്തതും വീഴ്ചയായി.പല ക്ലിനിക്കുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അവിടെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സൗകര്യങ്ങൾ ഇല്ലെന്നും വിദഗ്ധർ പറയുന്നു.
ഇത്തരം കേസുകളിൽ കോടതികളിൽ നിന്ന് ഒട്ടേറെ വിധികൾ വന്നിട്ടുമുണ്ട്. ചികിൽസയിലെ അശ്രദ്ധ അല്ലെങ്കിൽ സേവനത്തിലെ അപര്യാപ്തത എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതികൾ ഇടപെടുന്നത്.
2016-ൽ, ചെന്നൈയിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ കേസിൽ ഡോക്ടർക്കെതിരെ ക്രിമിനൽ നടപടികൾ തുടരാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡോക്ടർക്ക് മുടി മാറ്റിവെക്കൽ നടത്താൻ ആവശ്യമായ യോഗ്യതയുണ്ടോ എന്നും, ക്ലിനിക്കിന് മതിയായ സൗകര്യങ്ങളുണ്ടോ എന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹിയിലെ ഒരു ഹെയർ ട്രാൻസ്പ്ലാൻറ് ക്ലിനിക്കിന്, ഒരു ഉപഭോക്തൃ കോടതി, 6.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഈ ക്ലിനിക്കിന് ആധുനിക മുടി മാറ്റിവെക്കൽ നടപടികൾ നടത്താൻ ലൈസൻസ് ഇല്ലായിരുന്നു. നൽകിയ സേവനത്തിൽ അശ്രദ്ധയുണ്ടായിരുന്നു എന്നും കോടതി കണ്ടെത്തി. 11 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2025 ജൂലൈയിൽ ആയിരുനു ഈ വിധി.
ചില കേസുകളിൽ, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഡോക്ടർമാർക്ക് അനുകൂലമായും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2024-ൽ ഹൈദരാബാദിലെ ഒരു ക്ലിനിക്കിനും രണ്ട് സർജൻമാർക്കും എതിരെ ചുമത്തിയ ചികിൽസാ അശ്രദ്ധ സംബന്ധിച്ച ആരോപണങ്ങൾ കമ്മീഷൻ തള്ളി. എംബിബിഎസ് യോഗ്യതയുള്ള ഡോക്ടർമാർക്ക് മുടി മാറ്റിവെക്കൽ നടത്താമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
മരണം സംഭവിച്ച കേസുകളിൽ ക്രിമിനൽ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ പലപ്പോഴും അന്വേഷണങ്ങൾ നടന്നുവരികയാണ്, ചിലത് വിചാരണ ഘട്ടത്തിലും.