കൊച്ചി:യൂണിവേഴ്സിറ്റിയിൽ മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ ഓഫിസുകൾക്കും വീടുകൾക്കും മുന്നിൽ, ഗവർണറുടെ വീട്ടിനു മുന്നിൽ ഒക്കെ നിമിഷ നേരം കൊണ്ടാണ് നൂറു കണക്കിന് പേരെ മൊബിലൈസ് ചെയ്യുന്നത്.ഇങ്ങനെ ഓൺ-ഡിമാൻഡ് എവിടെ നിന്ന് ഗുണ്ടകളെ കിട്ടുന്നു ? മുൻ ഐക്യ രാഷ്ട്രസഭ ഉദ്യോഗസ്ഥനായ പ്രമോദ്‌കുമാർ ഫേസ്ബുക്കിലെഴുതുന്നു ..
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
ജയലളിതയുടെ കുപ്രസിദ്ധമായ ആദ്യ ഭരണ കാലത്ത് (1991-96) അവരും തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി എൻ ശേഷനും തമ്മിലുള്ള ഉടക്ക് വളരെ പരസ്യമായിരുന്നു. ആരെയും കൂസാത്ത ശേഷനെപ്പോലെ ഒരാൾ ഇന്ത്യൻ ഓഫിസർമാരിൽ ഇന്ന് ഉണ്ടെന്ന് തോന്നുന്നില്ല. പോരാത്തതിന് അന്ന് അദ്ദേഹം ഒരേ ഒരു കമ്മിഷണറും. അങ്ങനെ ഒരിക്കൽ അദ്ദേഹം ഔദ്യോഗികാവശ്യത്തിന് മദ്രാസിൽ വന്നപ്പോൾ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ വയ്യാത്ത വണ്ണം അവിടെയാകെ പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറച്ചു. അദ്ദേഹത്തിന്റെ ജീവന് തന്നെ അപകടമുണ്ടാവുമെന്ന നിലയായിരുന്നു. കുറെ നേരം അദ്ദേഹം എയർ പോർട്ടിൽ തന്നെ ഇരുന്നു, ഒടുവിൽ കേന്ദ്ര സേനയുടെ സുരക്ഷിതത്വത്തിൽ പുറത്തു വന്നു.
മദ്രാസിൽ വിമാനത്തിൽ എത്തുന്നതിനു മുൻപ് അദ്ദേഹത്തിന് സർക്കാർ ഗസ്റ്റ് ഹൌസിൽ താമസിക്കാനുള്ള അനുമതി സർക്കാർ നിഷേധിച്ചു, പോരാത്തതിന് എല്ലാ ഹോട്ടലുകളിലും അദ്ദേഹത്തിന് മുറി കൊടുക്കരുത് എന്ന നിർദേശവും നൽകി. പക്ഷെ താജ് കോറമാൻഡൽ (മദ്രാസിലെ അന്നത്തെ ഏറ്റവും പേരുള്ള ടാജിന്റെ ഹോട്ടൽ) ഹോട്ടൽ മുറി കൊടുത്തു. ശേഷൻ അവിടെ തങ്ങി, തന്റെ പണിയൊക്കെ കഴിഞ്ഞു തിരിച്ചു പോയി.
============================================================================
അദ്ദേഹം തിരിച്ചു പോയി കഴിഞ്ഞ ഉടനെ തെലുങ്ക് സിനിമകളിലൊക്കെ കാണുന്ന പോലെ ഒന്നിനു പുറകെ ഒന്നായി കുറെ ഓട്ടോകളിൽ ഗുണ്ടകളെത്തി ആ ഹോട്ടലിന്റെ അതിഗംഭീരമായ വലിയ ലോബി മുഴുവൻ അടിച്ചു തകർത്തു. ലക്ഷക്കണക്കിന് രൂപ വിലയുള്ള ശരറാന്തലുകളും എല്ലാം തവിടുപൊടി. വന്ന പോലെ ഓട്ടോകൾ പറന്നു പോവുകയും ചെയ്തു. ഗുണ്ടകൾ ഏതാണ്ട് അറുപതു പേരോളം ഉണ്ടായിരുന്നു എന്നാണു കേട്ടത്. ഒരു മലയാളി ആയിരുന്നു ജനറൽ മാനേജർ. അദ്ദേഹം പോലീസിൽ പരാതി നൽകിയില്ല, കാരണം അവർക്കു പിന്നീടും ബിസിനെസ്സ് ചെയ്യേണ്ടതാണ്, അതു കൊണ്ട് തന്നെ എങ്ങും വാർത്തയായി ഇത് വന്നതുമില്ല. ലോബി പുതുക്കി പണിയാൻ മാസങ്ങളോളം അടച്ചിട്ടിരുന്നത് എനിക്കോർമയുണ്ട്.
ഇങ്ങനെ ഓൺ-ഡിമാൻഡ് എവിടെ നിന്ന് ഗുണ്ടകളെ കിട്ടുന്നു എന്നത് അന്ന് മുപ്പതു തികയാത്ത, വലിയ ലോകപരിചയവും ഒന്നുമില്ലാത്ത എനിക്ക് വലിയ ആശ്ചര്യമായിരുന്നു. അന്നത്തെ ഹോം സെക്രട്ടറിയെ എനിക്കറിയാമായിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പുള്ളി ചിരിച്ചിട്ട് പറഞ്ഞു, ഇങ്ങനെയുള്ള കൂട്ടരെ സ്ഥിരമായി തീറ്റിപോറ്റുന്ന ഒരു സംവിധാനം ഉണ്ട്. ഭക്ഷണമൊക്കെ കഴിച്ച്, വ്യായാമം ചെയ്ത് ഗുണ്ടകളായി റെഡി ആയി ഇരിക്കുക എന്നതാണ് അവരുടെ പണി. ഓർഡർ വരുമ്പോൾ ഇറങ്ങും. ഒരു പാരലൽ മിലീഷ്യ.
===================================================================================
പറയാൻ കാരണം ഈ യൂണിവേഴ്സിറ്റിയുടെ മുന്നിൽ ഇങ്ങനെ കടന്നലുകൾ പോലെ എവിടെ നിന്നിറങ്ങി വരുന്നു എന്ന എന്റെ തന്നെ സംശയമാണ്. ഇവരൊക്കെ, ഇത്രയും പ്രായമുള്ളവർ, വിദ്യാർത്ഥികളാണോ? യൂണിവേഴ്സിറ്റിയിൽ മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ ഓഫിസുകൾക്കും വീടുകൾക്കും മുന്നിൽ, ഗവർണറുടെ വീട്ടിനു മുന്നിൽ ഒക്കെ നിമിഷ നേരം കൊണ്ടാണ് നൂറു കണക്കിന് പേരെ ഇങ്ങനെ മൊബിലൈസ് ചെയ്യുന്നത്. ഇതു കൊണ്ടാണ് “കാഡറുകൾ” ജനാധിപത്യത്തിന്റെ ഭാഗമല്ല, അവർ മിലീഷ്യകളാണ് എന്ന് എപ്പോഴും എഴുതുന്നത്.
Post Views: 63