മുൻ മന്ത്രി സുധാകരൻ കേസിപ്പെട്ടു; രണ്ട് വര്‍ഷം തടവു കിട്ടാം

ആലപ്പുഴ: ലോക്‌സഭയിലേക്ക് 1989 ൽ നടന്ന തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥി കെ.വി. ദേവദാസിനു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്

തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ , സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന്‍ വെളിപ്പെടുത്തിയത്.

‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘനടകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു”. എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

പിന്നാലെ പറഞ്ഞതില്‍ തിരുത്തുമായി മുതിര്‍ന്ന സുധാകരന്‍ രംഗത്തെത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവര്‍ത്തകര്‍ക്ക് ജാഗ്രത ഉണ്ടാകാന്‍ അല്‍പം ഭാവന കലര്‍ത്തി പറഞ്ഞതാണെന്നുമായിരുന്നു സുധാകരന്‍ ചേര്‍ത്തലയില്‍ നല്‍കിയ വിശദീകരണം. എന്നാൽ, വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നിൽക്കുന്നതിനാലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News