ഡോ ജോസ് ജോസഫ്
പ്രേക്ഷക ശ്രദ്ധ നേടിയ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകനായെത്തുന്ന സിനിമയാണ് സർക്കീട്ട്. ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താമറാണ് ചിത്രത്തിൻ്റെ സംവിധായകൻ.
തിരക്കഥയും താമർ തന്നെ തയ്യാറാക്കിയിരിക്കുന്നു. ഗൾഫ് പ്രവാസികളായ മധ്യവർഗ്ഗക്കാരുടെ ജീവിത പ്രതിസന്ധികളാണ് ചിത്രത്തിൻ്റെ പ്രമേയം. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി (എഡിഎച്ച്എ) എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരൻ ജെപ്പു എന്ന ജെഫ്രോനാണ് ( ഓർഹാൻ ഹൈദർ ) കഥയിലെ കേന്ദ്രം. അവൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന തൊഴിൽ അന്വേഷകനായ യുവാവാണ് നായകനായ അമീർ (ആസിഫ് അലി ).
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ മാതാപിതാക്കളുടെ ജീവിതത്തിൽ പ്രശ്നക്കാരനായി മാറിയ 8 വയസ്സുകാരൻ ബാലനെ മുമ്പ് അമീർ ഖാൻ്റെ ‘താരെ സമീൻ പർ’ എന്ന ഹിന്ദി ചിത്രത്തിൽ പ്രേക്ഷകർ കണ്ടിരുന്നു. ഡിസ്ലെക്സിയ എന്ന പഠന വൈകല്യമായിരുന്നു കുട്ടിയെ അലട്ടിയിരുന്നത്. അമീർ ഖാൻ്റെ നായക കഥാപാത്രം കുട്ടിയെ ആ പ്രശ്നത്തിൽ നിന്നും വെളിയിൽ കൊണ്ടുവരുന്നു.
സർക്കീട്ടിൽ എഡിഎച്ച്എ യാണ് കുട്ടിയുടെ പ്രശ്നം. അപ്രതീക്ഷിതമായി അവൻ്റെ ജീവിതത്തിലേക്കു കടന്നു വരുന്ന അമീർ അവൻ്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.
റാസൽഖൈമയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മധ്യ വർഗ്ഗക്കാരായ ദമ്പതിമാരാണ് ബാലുവും (ദീപക് പറമ്പോൾ) സ്റ്റെഫിയും (ദിവ്യ പ്രഭ) പ്രണയ വിവാഹിതരായ ഇരുവർക്കും തൊഴിലിടങ്ങളിൽ പ്രശ്നങ്ങളുണ്ട്. സ്വന്തം കുടുംബങ്ങളുടെ പിന്തുണയുമില്ല. ഹൈപ്പർ ആക്ടീവായ മകൻ ജെപ്പു സ്കൂളിന് പുറത്താണ്. മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ പാലിക്കാനാവാത്ത മാനസ്സികാവസ്ഥയിലാണ്.
പുറത്തു കൊണ്ടു പോയാൽ അവിടെ പ്രശ്നമുണ്ടാക്കും.ജോലി സംബന്ധമായ സമ്മർദ്ദങ്ങൾക്കിടയിൽ സ്റ്റെഫിക്കും ബാലുവിനും അവനെ വേണ്ട പോലെ ശ്രദ്ധിക്കാനാവുന്നില്ല.അതു കൊണ്ടു തന്നെ മകനെ മുറിയിൽ പൂട്ടിയിട്ടിട്ടാണ് അവർ ജോലിക്കു പോകുന്നത്.
ഉപ്പ ബാല്യത്തിലെ ഉപേക്ഷിച്ചു പോയ എടപ്പാളുകാരൻ അമീർ എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്താൻ യുഎഇ യിൽ എത്തിയതാണ്.ഗൾഫിൽ ഇത് അയാളുടെ രണ്ടാമത്തെ ശ്രമമാണ്.ഗൾഫ് എക്സ്പീരിയൻസ് ഇല്ലാത്തിനാൽ ആരും അയാളെ ജോലിക്കെടുക്കുന്നില്ല. സന്ദർശക വിസയുടെ കാലാവധി തീരാറായി. നില നിൽപ്പിനായി അയാൾ പല പണികളും പയറ്റുന്നുണ്ട്. ആദ്യ പകുതിയിൽ ജെപ്പുവിൻ്റെയും അമീറിൻ്റെയും കഥകൾ സമാന്തരമായി സഞ്ചരിക്കുന്നു.
അച്ഛനും അമ്മയുമുണ്ടെങ്കിലും ഒരർത്ഥത്തിൽ അനാഥരാണ് ഇരുവരും.ഒരു പ്രത്യേക സാഹചര്യത്തിൽ ജെപ്പുവും അമീറും ‘ഒട്ടി’ച്ചേരുന്നതോടെ രണ്ടാം പകുതിയിൽ ഇരുവരും ഒരുമിക്കുന്നു.പിന്നീടുള്ള സർക്കീട്ട് അത്ര കണ്ട് വിശ്വസനീയമല്ല. ആ സർക്കീട്ട് ഒറ്റ രാത്രി കൊണ്ട് തീരുന്നുമുണ്ട്.
അച്ഛനും അമ്മയും ശ്രമിച്ചിട്ടും നടക്കാത്ത മാറ്റം ആ ഒറ്റ രാത്രിയിലെ സർക്കീട്ടിലൂടെ എഡിഎച്ച്എ പ്രശ്നം നേരിടുന്ന ജെപ്പുവിൽ അമീർ വരുത്തി എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. എങ്കിലും അമീറും ജെപ്പുവും തമ്മിലുള്ള കെമിസ്ട്രി തരക്കേടില്ലാതെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ.
കിഷ്കിന്ധാ കാണ്ഡത്തിലും രേഖാചിത്രത്തിലും കണ്ട ത്രില്ലൊന്നും സർക്കീട്ടിൽ പ്രതീക്ഷിക്കേണ്ട. നന്മ മരങ്ങളായ കുറെ സാധാരണക്കാരുടെ നിസ്സഹായാവസ്ഥകൾ കൂടിച്ചേർന്ന വൈകാരിക കുടുംബ ഡ്രാമയാണ് സർക്കീട്ട്.കഥയിൽ അസാധാരണത്വമോ വലിയ ട്വിസ്റ്റോ ഒന്നുമില്ല.തൊഴിലന്വേഷകനായ അമീറിന് കാമുകിമാരൊന്നുമില്ല. വൈകാരിക തീവ്രത കൂട്ടാൻ ബാല്യത്തിലെ ഉപേക്ഷിച്ചു പോയ ഉപ്പയെ ഗൾഫിൽ വെച്ച് അമീറുമായി കൂട്ടിമുട്ടിക്കുന്നുണ്ട് സംവിധായകൻ. പൂർണ്ണമായും ഗൾഫ് ദൃശ്യങ്ങളാണ് ചിത്രത്തിൽ. പ്രവാസികളായ സാധാരണക്കാർ ഗൾഫ് ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളാണ് സംവിധായകൻ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്.
മണ്ണിൽ ചവിട്ടി നിൽക്കുന്ന, നിസ്സഹായനായ സാധാരണക്കാരനാണ് ആസിഫ് അലിയുടെ അമീർ.കഥാപാത്രം അനുഭവിക്കുന്ന അനാഥത്വവും നീറ്റലും അതെ പടി പ്രേക്ഷകരിലേക്ക് പകരുന്നതിൽ ആസിഫ് അലി വിജയിച്ചു.എഡിഎച്ച്എ നേരിടുന്ന ജെപ്പു എന്ന ഏഴു വയസ്സുകാരനെ ഓർഹാൻ ഹൈദർ എന്ന ബാലതാരം അതിഗംഭീരമായി അവതരിപ്പിച്ചു. ലോക ശ്രദ്ധ നേടിയ ആൾ വീ ഇമാജിൻ ആസ് ലൈറ്റിനു ശേഷം ദിവ്യ പ്രഭയുടെ മറ്റൊരു ശ്രദ്ധേയമായ പ്രകടനമാണ് സർക്കീട്ടിലെ സ്റ്റെഫി.
ദീപക് പറമ്പോൾ, പ്രശാന്ത് അലക്സാണ്ഡർ, ഷിൻസ് ഷാൻ, രമ്യ സുരേഷ് ,ഗോപാൽ അടാട്ട്, സ്വാതി പ്രഭു തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി. ചെറിയ വേഷങ്ങളിൽ എത്തിയവർക്കും കൃത്യമായ സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട്.
വലിയ വളച്ചു കെട്ടലുകളില്ലാതെ 125 മിനിറ്റിനുള്ളിൽ കഥ പറഞ്ഞവസാനിപ്പിക്കുന്നതിൽ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ വിജയിച്ചു.എഡിഎച്ച്എ നേരിടുന്ന കുട്ടിയെ നെഗറ്റീവ് ഷെയ്ഡിൽ നിർത്തിയിട്ടില്ല. അത്തരം ഒരു കുട്ടി നേരിടുന്ന വൈകാരിക പ്രശ്നങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്..
പ്രേമലു, തുടരും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടൻ കൂടിയായ സംഗീത് പ്രതാപാണ് ചിത്രത്തിൻ്റെ എഡിറ്റർ.അനാവശ്യമായ വലിച്ചു നീട്ടലുകളില്ലാതെ ഒതുക്കി ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട് സംഗീത്.ഗോവിന്ദ് വസന്തയുടെ സംഗീതവും അയാസിൻ്റെ ഛായാഗ്രഹണവും മികച്ചതാണ്.അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ആക്ഷൻ ഫിലിംസിനു വേണ്ടി ഫ്ലോറിൻ ഡോമിനിക് എന്നിവർ ചേർന്നാണ് സർക്കീട്ട് നിർമ്മിച്ചത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)