സി പി എമ്മിൻ്റെ ചരിത്രപരമായ മണ്ടത്തരങ്ങളും കടമകളും

തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ നയത്തെ  സി പി എം  എതിര്‍ത്തിരുന്നത്  കാപട്യമാണെന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് കേരള കൗമുദിയുടെ പൊളിററിക്കൽ എഡിററർ ആയിരുന്ന  ബി.പി.പവനൻ ഫേസ് ബുക്കിൽ കുറിക്കുന്നു.
പോസ്ററിൻ്റെ പൂർണ രൂപം താഴെ :
ഇത് ചരിത്ര പരമായ മണ്ടത്തരമല്ല, കടമ
മ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍  സ്വകാര്യ സര്‍വ്വകലാശാലകളെ മാത്രമല്ല, വിദേശ സര്‍വ്വകലാശാലകളെയും  കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിസ്മയിക്കുന്നവരാണ് ഏറെയും. ഇത്രയും കാലം എതിര്‍ത്തിട്ട് ഇപ്പോഴിങ്ങനെ ചെയ്യാമോ എന്നാണ് പലരും ചോദിക്കുന്നത്. അതും എതിര്‍പ്പെന്ന് പറഞ്ഞാല്‍ ചില്ലറ എതിര്‍പ്പായിരുന്നോ?
കേരളം മുഴുവന്‍ അടിച്ചു തകര്‍ത്തില്ലേ? എത്ര കാലം കേരളം കലാപഭൂമിയായി? എത്ര യുവാക്കളുടെ തലയും കാല്‍മുട്ടുകളും തകര്‍ന്നു ചോര ഒഴുകി. കൂത്തുപറമ്പില്‍ വെടിവയ്പ്പുണ്ടായില്ലേ? ആ നിലയ്ക്ക് ഇടതു സര്‍ക്കാര്‍ തന്നെ ഇത് ചെയ്യണോ എന്നാണ് പലരും അതിശയിച്ച് ചോദിക്കുന്നത്.
ചരിത്രം ഓര്‍ക്കാത്തതു കൊണ്ടുള്ള ചോദ്യമാണെന്നേ പറയേണ്ടതുള്ളൂ. നമ്മുടെ ഒരു രീതി അതാണ്. ആദ്യം നഖശിഖാന്തം എതിര്‍ക്കും. പിന്നീട് നമ്മള്‍ തന്നെ അത് നടപ്പാക്കും. അത് ജീനില്‍ കലര്‍ന്നു പോയകാര്യമാണ്. നമ്മള്‍ വിചാരിച്ചാല്‍ അത് മാറ്റാന്‍ കഴിയില്ല.
എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ആലപ്പുഴയില്‍ ചോര തിളപ്പിക്കുന്ന ഒരു കാഴ്ച കണ്ടു.  സുശീലാ ഗോപാലന്റെ നേതൃത്വത്തില്‍ ഉശിരന്‍ സമരം നടക്കുന്നു. തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ക്കും യന്ത്രവല്‍കൃത റാട്ടുകള്‍ക്കുമെതിരെയായിരുന്നു പോരാട്ടം. യന്ത്രം വരുന്നതോടെ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട്,  പെരുവഴിയിലാവുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പക്ഷേ തൊഴിലാളികളുടെ തൊഴിലല്ല നഷ്ടപ്പെട്ടത്..ആ പരമ്പരാഗത വ്യവസായം തന്നെ നാടുകടന്നു കിട്ടി.   പിന്നീട് സി.പി.എം നേതാവ് ആനത്തലവട്ടത്തിന്റെ നേതൃത്വത്തില്‍ തന്നെ കയര്‍ മേഖലയില്‍ യന്ത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ്  ചരിത്രം. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു.
ബി.പി.പവനൻ
കുട്ടനാട്ടില്‍ ട്രാക്ടറുകള്‍ക്കെതിരായ സമരം അതിന് മുന്‍പേ വിജയകരമായി നടന്നിരുന്നു. നിലം ഉഴാന്‍ കൊണ്ടു വന്ന ട്രാക്ടറുകള്‍ തല്ലിപ്പൊട്ടിച്ച് കായലില്‍ താഴ്ത്തി. ഇന്നിപ്പോള്‍  കുട്ടനാട്ടില്‍ ആവശ്യത്തിന് ട്രാക്ടറുകള്‍ മാത്രമല്ല,  മെതിയന്ത്രങ്ങളും കിട്ടുന്നില്ലെന്ന് പറഞ്ഞാണ് നമ്മള്‍ സമരം ചെയ്യുന്നത്.
കമ്യൂണിസ്റ്റുകാരെ കളിയാക്കാനും കോലിട്ട് കുത്താനും  കോണ്‍ഗ്രസുകരും മറ്റു പിന്തിരിപ്പന്മാരും ഇടയ്ക്കിടെ എടുത്തു വീശുന്ന കംപ്യൂട്ടര്‍ വിരുദ്ധ സമരത്തെക്കുറിച്ച് അധികം പറയേണ്ടതില്ല. അന്ന് കംപ്യൂട്ടറുകള്‍ തല്ലിപ്പൊട്ടിച്ചാണ് വീര്യം കാട്ടിയത്. ഇന്ന് നമ്മള്‍ കംപ്യൂട്ടറില്‍ വിദ്വാന്മാരാണ്. കംപ്യൂട്ടറില്‍ നമ്മെ തോല്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
ലോകബാങ്ക്, എ.ഡി.ബി, സാമ്രാജ്യത്ത കുത്തകകള്‍, ആഗോള ഭീമന്മാര്‍ തുടങ്ങി ഉറക്കത്തില്‍ പോലും നമ്മളെ പേടിപ്പിച്ചിരുന്ന കഥാപത്രങ്ങള്‍ എന്തു മാത്രം വേറെ. ഇവരൊക്കെ ഇപ്പോള്‍ എവിടെ പോയോ ആവോ? ഇതില്‍ എ.ഡി.ബിക്കാരുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചതായിരുന്നു ഏറ്റവും വലിയ നേരംപോക്ക്. കരി ഓയില്‍ അവര്‍ തൂത്തു കളഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ നിന്നു തന്നെ നമ്മള്‍ കടവും വാങ്ങി. ലണ്ടനിലെ സ്‌റ്റോക്ക് എക്‌സചേഞ്ച് എന്നു പറഞ്ഞാല്‍ ആഗോള ഭീകര ശക്തികളുടെ  ആസ്ഥാനം എന്നായിരുന്നു പറഞ്ഞിരുന്നത്. അവിടെയാണ്  നമ്മള്‍ മസാല ബോണ്ടും കൊണ്ടു ചെന്ന് മണി അടിച്ചത്.
അങ്ങനെ നോക്കുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകാലാശാലകളേയും കേരളത്തിലേക്ക് കൊണ്ടു വരേണ്ടത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ചരിത്രപരമായ കടമയാണെന്ന് കാണണം. കാരണം അത്ര കഠിനമായിട്ടാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ നയത്തെ ഇടതു പക്ഷം എതിര്‍ത്തിരുന്നത്. (ഒരു കാര്യം കൂടി ഉണ്ട്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ സ്ഥാപനങ്ങളും കേരളത്തില്‍ പാടില്ലന്നേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ആകുന്നതില്‍ വിരോധമില്ലായിരുന്നു. അവിടെ പോയി നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാം. തിരിച്ചു വരുമ്പോള്‍ ഇവിടെ ജോലി കൊടുക്കും. കുഴപ്പമില്ല. നേതാക്കളുടെ മക്കള്‍ക്കും അവിടെ പോയി പഠിക്കാം. അതിനും കുഴപ്പമില്ല. ഇവിടെ സമരം നടന്നു കൊള്ളും.)
ഒന്നേ ഇനി അറിയേണ്ടതുള്ളൂ. വിദേശ സര്‍വ്വകലാശാലകള്‍ കേരളത്തിലേക്ക് വരുമ്പോള്‍ അവയേയും നമ്മുടെ മഹാരാജാസിന്റെയും യൂണിവേഴ്‌സിറ്റി കോളേജിന്റെയും  അവസ്ഥയില്‍ എത്തിക്കാന്‍ കഴിയുമോ  എന്ന കാര്യത്തില്‍.