മുംബൈ : രാജ്യത്ത് പ്രവർത്തിക്കുന്ന സാമ്പത്തിക കുററവാളികളുടെ സംഘങ്ങൾ ഓരോ വർഷവും അയ്യായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ‘കൗഡ്സെക്’ എന്ന സൈബർ സുരക്ഷാ സ്ഥാപനം വെളിപ്പെടുത്തുന്നു.
ചൈനയിലെ സൈബർ ഗൂഢസംഘങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിൻ്റെ നീക്കങ്ങളെല്ലാമെന്ന് അവർ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വ്യാജ പേയ്‌മെന്റ് ഗേറ്റുകൾ, കെട്ടിച്ചമച്ച ഫിൻടെക് ആപ്ലിക്കേഷനുകൾ, യുണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് ഈ സംഘങ്ങൾ എങ്ങനെയാണ് നിയമവിരുദ്ധമായ പണമിടപാടുകൾ നടത്തുന്നത് എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
34,000-ൽ അധികം ‘മ്യൂൾ അക്കൗണ്ടുകൾ’ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ശൃംഖല 40-ൽ അധികം രാജ്യങ്ങളിൽ സജീവമാണ്. റിസർവ് ബാങ്ക് നിയമങ്ങൾ പാലിക്കാതെ ഇവർ പ്രവർത്തിക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഇവരുടെ, ഒരു ആപ്ലിക്കേഷൻ മാത്രം 166 കോടി രൂപ വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഈ ശൃംഖല,ടെലിഗ്രാം വഴി ജനങ്ങളെ ‘മണി മ്യൂളുകൾ’ ആയി ഉപയോഗിച്ച് പണം ക്രിപ്റ്റോ കറൻസികളിലേക്ക് മാറ്റുന്ന രീതിയും നിൽവിലുണ്ട്.
യഥാർത്ഥ സേവന സംവിധാനങ്ങളെ അനുകരിക്കുന്ന വ്യാജ ഫിൻടെക് സേവനങ്ങൾ ഉപയോക്താക്കളെ കബളിപ്പിക്കാൻ ലക്ഷ്യമിടുന്നവയാണ്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലെ പഴുതുകൾ ഇവർ സമർഥമായി പ്രയോജനപ്പെടുത്തുന്നുണ്ട്. പല പണമിടപാടുകളും കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടാണ്.ഓരോ വർഷവും 5,000 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തുന്നതാണത്രെ ഈ ശൃംഖല.