ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോർട്ട് ചെയ്ത ചൈനയിലെ ഗ്ലോബല്‍ ടൈംസ്,സിന്‍ഹുവ ന്യൂസ് ഏജന്‍സി എന്നിവയുടെ എക്‌സ് അക്കൗണ്ടുകള്‍ കേന്ദ്ര സർക്കാർ നിരോധിച്ചു.
ചൈന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ടു സ്ഥാപനങ്ങളും.പാകിസ്ഥാന്‍ അനുകൂല പ്രചാരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി.
സ്ഥിരീകരിക്കാത്ത വസ്തുതകള്‍ പോസ്റ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ചൈനയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വസ്തുതകള്‍ പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കാണിച്ച് ഇന്ത്യ, ഗ്ലോബല്‍ ടൈംസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഇന്ത്യന്‍ എംബസി അഭിപ്രായപ്പെട്ടിരുന്നു.