ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ മേധാവി പ്രൊഫ. മുഹമ്മദ് യൂനുസ് രാജി ആലോചിക്കുന്നതായി ബി ബി സി ബംഗ്ലാ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി മേധാവി നഹിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ആണ് റിപ്പോർട്ട്. പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടരുന്നതിനാല്‍ ആണ് രാജിവെക്കാനുള്ള നീക്കമത്രെ.രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുതാത്പര്യത്തിലെത്താത്തതാണ് മുഹമ്മദ് യൂനുസിനെ കുഴക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും വേണ്ടിയും ബഹുജന പ്രക്ഷോഭത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും വേണ്ടി ശക്തമായി നിലകൊള്ളാന്‍ യൂനുസിനോട് പറഞ്ഞതായി ഇസ്ലാം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യൂനുസ് സര്‍ക്കാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതില്‍ പ്രധാനമായത് ബംഗ്ലാദേശിലെ സൈന്യമായിരുന്നു.കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി കലാപത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണവര്‍.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണകൂടത്തെ അട്ടിമറിച്ചാണ് യൂനുസിനെ അധികാരത്തിലെത്തിച്ചത്. സൈന്യത്തോട് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്തിട്ടും പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
എങ്കിലും വ്യോമസേനാ വിമാനം ഉപയോഗിച്ച് ഹസീനയ്ക്ക് സുരക്ഷിതമായി ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സൈന്യം സഹായിച്ചു.